Nepal Gen Z Protest: കാഠ്മണ്ഡുവിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു; വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്ത് സൈന്യം
Kathmandu Airport Closed: നേപ്പാളിലെ സ്ഥിഗതികള്‍ ശാന്തമാകുന്നത് വരെ യാത്ര മാറ്റിവെക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സഹായങ്ങള്‍ക്കായി വിളിക്കാന്‍ ഫോണ്‍ നമ്പറുകളും മന്ത്രാലായം പുറത്തുവിട്ടിട്ടുണ്ട്.
കാഠ്മണ്ഡു: ജെന്‍സികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം കാഠ്മണ്ഡു സൈന്യം ഏറ്റെടുത്തു. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 10 ഉച്ചയ്ക്ക് 12 മണി വരെ കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.
സെപ്റ്റംബര്‍ 10ന് ഉച്ചയ്ക്ക് 12 മണി വരെ കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് യാത്ര നടത്താനായി മറ്റൊരു വിമാനം തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഞങ്ങളുടെ വെബ്‌സൈറ്റ് വഴി റീഫണ്ട് ക്ലെയിം ചെയ്യാമെന്നും എയര്‍ലൈന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
എയര്‍ ഇന്ത്യയും തങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കി. പ്രതിഷേധങ്ങളെ തുടര്‍ന്ന് വിമാനത്താവളം അടച്ച സാഹചര്യത്തില്‍ കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള ബുക്കിങ്ങുകള്‍ യാത്രക്കാര്‍ക്ക് റീഷെഡ്യൂള്‍ ചെയ്യാവുന്നതാണ്. റീഷെഡ്യൂള്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ എയര്‍ ഇന്ത്യ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 9 വരെ വിതരണം ചെയ്ത ടിക്കറ്റുകള്‍ക്കാണ് ഇളവുകള്‍ ബാധകം.




നേപ്പാളിലെ സ്ഥിഗതികള്‍ ശാന്തമാകുന്നത് വരെ യാത്ര മാറ്റിവെക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സഹായങ്ങള്‍ക്കായി വിളിക്കാന്‍ ഫോണ്‍ നമ്പറുകളും മന്ത്രാലായം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, പ്രതിഷേധക്കാര്‍ നേപ്പാള്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ വീടും കത്തിച്ചു. പ്രധാനമന്ത്രി കെപി ശര്‍മ ഒലി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണിത്. 19 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് മരിച്ചത്. സോഷ്യല്‍ മീഡിയയ്ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ വിലക്കാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചെങ്കിലും പ്രതിഷേധങ്ങള്‍ അവസാനിച്ചില്ല.