AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nepal Gen Z Protest: നേപ്പാളില്‍ സോഷ്യല്‍ മീഡിയ ആപ്പുകളുടെ വിലക്ക് നീക്കി

Social Media Ban in Nepal: സര്‍ക്കാരിന്റെ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് 26 ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഈ ആപ്പുകളില്‍ പലതും വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തവയാണ്.

Nepal Gen Z Protest: നേപ്പാളില്‍ സോഷ്യല്‍ മീഡിയ ആപ്പുകളുടെ വിലക്ക് നീക്കി
നേപ്പാളില്‍ ജെന്‍സികളുടെ പ്രതിഷേധം Image Credit source: PTI
shiji-mk
Shiji M K | Published: 09 Sep 2025 06:15 AM

കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് മേല്‍ നിരോധനമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിച്ചു. ജെന്‍സികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. പ്രതിഷേധം അക്രമാസക്തമാകുകയും 19 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് രാത്രി വൈകി സര്‍ക്കാര്‍ തീരുമാനം മാറ്റി.

നേപ്പാളില്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതായി വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് അറിയിച്ചു. ജെന്‍സികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് മേലുള്ള വിലക്ക് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചുവെന്നായിരുന്നു മന്ത്രി പറഞ്ഞത്.

എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് കടിഞ്ഞാണിടാനുള്ള തീരുമാനം തെറ്റാണെന്ന് തോന്നുന്നില്ലെന്നും ഗുരുങ് വ്യക്തമാക്കി. ഈ വിഷയം ഒരു മറയായി ഉപയോഗിച്ച് പ്രതിഷേധങ്ങള്‍ നടന്നതിനാല്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ വീണ്ടും അനുവദിച്ചു. അതിനാല്‍ ജെന്‍സികള്‍ പ്രതിഷേധം പിന്‍വലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നടന്ന അക്രമങ്ങളെ കുറിച്ചന്വേഷിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അന്വേഷണ സമിതി രുപീകരിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേസമയം, നിരോധിത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് നേപ്പാളിന്റെ ദേശീയ പരമാധികാരത്തെ അവഹേളിക്കുന്ന രീതിയില്‍ പ്രതികരിച്ചുവെന്ന് മന്ത്രിസഭാ യോഗത്തിനിടെ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി പറഞ്ഞു.

അതേസമയം, സര്‍ക്കാരിന്റെ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് 26 ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഈ ആപ്പുകളില്‍ പലതും വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തവയാണ്. ഇവയ്ക്ക് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: Nepal Gen Z protest: സോഷ്യൽ മീഡിയയ്ക്ക് നിരോധനം, പിന്നാലെ ജെൻസികൾ സംഘടിച്ചു; എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്?

ഇത്തരം ആപ്പുകളില്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷ പരാമര്‍ശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇതുകൂടാതെ തട്ടിപ്പും മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. അതിനിടെ, സോഷ്യല്‍ മീഡിയ ആപ്പുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഒരു ബില്‍ പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആപ്പുകളുടെ പ്രതിനിധിയോ ലെയ്‌സണ്‍ ഓഫീസോ രാജ്യത്തുണ്ടായിരിക്കണം.