Nepal Gen Z Protest: കൊല്ലപ്പെട്ട ജെന്‍ സികള്‍ക്ക് ആദരവ്; നേപ്പാളില്‍ ബുധനാഴ്ച ദുഃഖാചരണം
Nepal to mourn death of protesters on Wednesday: പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന എല്ലാ സംഭവങ്ങളും അന്വേഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അന്വേഷണത്തിന് ഉന്നതതല ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു
കാഠ്മണ്ഡു: പ്രതിഷേധത്തില്‍ മരിച്ച ജെന്‍ സികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ നേപ്പാള്‍. നാളെ ദുഃഖാചരണം നടത്താന്‍ ഔദ്യോഗികമായി തീരുമാനിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് കുറഞ്ഞത് 59 പ്രതിഷേധക്കാരും, മൂന്ന് തടവുകാരും, മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പൊതു ഓഫീസുകൾ അടച്ചിടുമെന്നും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ആഭ്യന്തര മന്ത്രി ഓം പ്രകാശ് ആര്യാൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1.5 മില്യൺ നേപ്പാളീസ് രൂപ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.
ഓരോ കുടുംബത്തിനും 1 മില്യണ്‍ നേപ്പാളീസ് രൂപയും, മറ്റ് ചെലവുകള്‍ക്കായി അഞ്ച് ലക്ഷം നേപ്പാളീസ് രൂപയും നല്‍കുമെന്നാണ് പ്രഖ്യാപനം. ഫണ്ട് അതത് ജില്ലാ ഭരണകൂട ഓഫീസുകൾ വഴി വിതരണം ചെയ്യാനാണ് തീരുമാനം. കൊല്ലപ്പെട്ട ജെന്‍ സി പ്രക്ഷോഭകാരികളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം സുശീല കര്‍ക്കി പറഞ്ഞിരുന്നു.
പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന എല്ലാ സംഭവങ്ങളും അന്വേഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അന്വേഷണത്തിന് ഉന്നതതല ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി സര്‍ക്കാര്‍ ജെന്‍ സീ അവയര്‍നസ് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് ഓം പ്രകാശ് ആര്യാൽ വ്യക്തമാക്കി.




Also Read: Nepal Protest: സംഘര്‍ഷങ്ങള്‍ ഒഴിയുന്നു, നേപ്പാള്‍ ശാന്തതയിലേക്ക്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, അഴിമതിക്കെതിരെ ആഞ്ഞടിച്ചും സെപ്തംബര്‍ ഏഴിനാണ് ജെന്‍ സികള്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രക്ഷോഭം അക്രമാസക്തമായി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനം പിന്‍വലിച്ചിട്ടും പ്രക്ഷോഭം കെട്ടടങ്ങിയില്ല. തുടര്‍ന്ന് കെപി ശര്‍മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പ്രക്ഷോഭകര്‍ പാര്‍ലമെന്റ് ഉള്‍പ്പെടെ അക്രമിച്ചു. മുന്‍ മന്ത്രിമാരെ അടക്കം മര്‍ദ്ദിച്ചു. ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി നേപ്പാള്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ നിയമിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്.