AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: എണ്ണയില്‍ തുടങ്ങി ചോളത്തിലെത്തി; തീരുവയെ ട്രംപ് എങ്ങനെ ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കുന്നു?

American Corn Exports: യുഎസ് ഉത്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ വാങ്ങിക്കാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ രാജ്യത്തിന് അമേരിക്കന്‍ വിപണിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് മുന്നറിയിപ്പ് നല്‍കി.

Donald Trump: എണ്ണയില്‍ തുടങ്ങി ചോളത്തിലെത്തി; തീരുവയെ ട്രംപ് എങ്ങനെ ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കുന്നു?
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 15 Sep 2025 | 09:27 PM

ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധത്തിലേര്‍പ്പെടാന്‍ തങ്ങള്‍ പോകുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഡൊണാള്‍ഡ് താരിഫ് യുദ്ധം ആരംഭിച്ചത്. ആദ്യം 25 ഉം പിന്നീട് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നുവെന്നാരോപിച്ച് മറ്റൊരു 25 ശതമാനം തീരുവ കൂടി ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രതിസന്ധിയിലായതോടെ ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുന്നു. എന്നാല്‍ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് തന്നെ യുഎസ് തങ്ങളുടെ തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങി.

യുഎസ് ഉത്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ വാങ്ങിക്കാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ രാജ്യത്തിന് അമേരിക്കന്‍ വിപണിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്കെതിരെയുള്ള താരിഫ് കുറച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കഠിനമാകുമെന്നും ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ലുട്‌നിക് പറഞ്ഞു.

അവര്‍ ഞങ്ങള്‍ക്ക് സാധനങ്ങള്‍ വില്‍ക്കുന്നു, എന്നിട്ട് ഞങ്ങളെ തന്നെ മുതലെടുക്കുന്നു. എന്നാല്‍ അവരുടെ വിപണിയിലേക്ക് പ്രവേശിക്കാന്‍ തങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ക്ക് കടന്നുവരാനും മുതലെടുക്കാനും തങ്ങള്‍ വിപണി വിശാലമായി തുറന്നിരിക്കുകയായിരുന്നുവെന്നും ലുട്‌നിക് പറഞ്ഞു.

ഇന്ത്യയില്‍ 1.4 ബില്യണ്‍ ആളുകളുണ്ടെന്നാണ് പറയുന്നത്. 1.4 ബില്യണ്‍ ആളുകള്‍ക്ക് ഒരു ബുഷല്‍ (35.2 ലിറ്ററിന് തുല്യമായ ശേഷിയുടെ അളവ്) യുഎസ് ധാന്യം വാങ്ങിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? അവര്‍ ഇവിടേക്ക് എല്ലാം വില്‍ക്കുന്നു. എന്നാല്‍ നമ്മുടെ ധാന്യം വാങ്ങിക്കുന്നില്ല, എന്നിട്ട് എല്ലാത്തിനും തീരുവയും ചുമത്തുന്നു.

ഇന്ത്യ അവരുടെ താരിഫുകള്‍ കുറയ്ക്കുക, ശേഷം ഞങ്ങള്‍ അവരോട് പെരുമാറുന്ന അതേ രീതിയില്‍ ഞങ്ങളോട് പെരുമാറുക. ട്രംപ് ഭരണകൂടം, വര്‍ഷങ്ങളായി പിന്തുടര്‍ന്നിരുന്ന പല തെറ്റുകളും തിരുത്തിയിട്ടുണ്ട്. അതിനാല്‍ ഇത് പരിഹരിക്കുന്നത് വരെ മറ്റൊരു വഴിക്ക് താരിഫ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാന്യം വേണ്ടെന്ന് ഇന്ത്യ

യുഎസില്‍ കൃഷി ചെയ്യുന്ന ചോളങ്ങളില്‍ ഭൂരിഭാഗവും ജനിതക മാറ്റം വരുത്തിയവയാണ്. അതിനാലാണ് ഇന്ത്യ ഇവ ഇറക്കുമതി ചെയ്യാത്തത്. ഇവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും ഭക്ഷണത്തിന്റെ ഭാഗമാകുന്നതും രാജ്യം തടയുന്നു. എത്തനോള്‍ ഉത്പാദിപ്പിക്കുന്നതിനായി ജനിതക മാറ്റം വരുത്തിയ ചോളം വളര്‍ത്താമെന്ന നീതി ആയോഗിന്റെ നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ കാരണം പോലും ഇവ ജീവജാലങ്ങള്‍ക്ക് ഉള്‍പ്പെടെ വെല്ലുവിളിയാകും എന്നതാണ്.

ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ തന്നെ യുഎസ് ചോളങ്ങളാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ചോളങ്ങള്‍. ഇത് മനുഷ്യന് മാത്രമല്ല മൃഗങ്ങളുടെ കാലിത്തീറ്റയിലും അവര്‍ നേരിട്ട് ഉപയോഗിക്കുന്നുണ്ട്.

Also Read: Donald Trump Tariff Threat: ‘ഞങ്ങള്‍ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ല’; ട്രംപിന്റെ താരിഫ് ഭീഷണിക്ക് ചൈനയുടെ മറുപടി

ചോള വ്യാപാരത്തിനെന്തിനിത്ര സമ്മര്‍ദം

അമേരിക്കന്‍ കര്‍ഷകര്‍ വ്യാപകമായ പ്രതിസന്ധികള്‍ നേരിടുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൈനയുമായുള്ള സാമ്പത്തിക സംഘര്‍ഷങ്ങളാണ് ഇതിന് പ്രധാന കാരണം. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം യുഎസില്‍ വിളയുന്ന ധാന്യങ്ങളുടെ ചൈനീസ് ഓര്‍ഡറുകള്‍ ഗണ്യമായി കുറച്ചു. തത്ഫലമായി അമേരിക്കന്‍ കര്‍ഷകര്‍ ചെറുകിട ബിസിനസ് പാപ്പരത്ത കേസ് ഫയല്‍ ചെയ്തു.

യുഎസും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യയുടെ ലഭ്യത, താരിഫ്, ഭൂമി കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യയില്‍ ഒരു പുതിയ വിപണി കണ്ടെത്താന്‍ യുഎസ് ശ്രമിക്കുന്നത്.