Oil Tanker and Cargo Vessel Collide: ഇംഗ്ലണ്ടിന്റെ തീരത്തിനടുത്ത് ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം
Oil Tanker and Cargo Vessel Collide in North Sea: 32 പേരെയാണ് ഇതുവരെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ കപ്പലിലെ ജീവനക്കാരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗ്രിംസ്ബു ഈസ്റ്റ് തുറമുഖത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ മാര്‍ട്ടിന്‍ ബോയേഴ്‌സ് പറഞ്ഞു.

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്തിനടുത്ത് ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം. 35 പേരോളം അപകടത്തില്‍പ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. അപകടത്തില്‍പ്പെട്ട ആളുകളെ കപ്പലില്‍ നിന്ന് കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഹംബര്‍ എസ്റ്റുറിക്ക് സമീപമാണ് അപകടം നടന്നതെന്നും ലൈഫ് ബോട്ടുകളും കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററും സംഭവ സ്ഥലത്തേക്ക് അയച്ചതായി എച്ച്എം കോസ്റ്റ്ഗാര്‍ഡ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
32 പേരെയാണ് ഇതുവരെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ കപ്പലിലെ ജീവനക്കാരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗ്രിംസ്ബു ഈസ്റ്റ് തുറമുഖത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ മാര്‍ട്ടിന്‍ ബോയേഴ്‌സ് പറഞ്ഞു.




കപ്പല്‍ ട്രാക്കിങ് വെബ്‌സൈറ്റായ മറൈന്‍ട്രാഫിക്ക് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം യുഎസ് പതാകയുള്ള സ്റ്റെന ഇമ്മാക്കുലേറ്റ് ടാങ്കറും പോര്‍ച്ചുഗീസ് പതാകയുള്ള കണ്ടെയ്‌നര്‍ കപ്പലായ സോളോങ്ങുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. സ്‌കോട്ടിഷ് തുറമുഖമായ ഗ്രാഞ്ച്മൗത്തില്‍ നിന്ന് നെതര്‍ലാന്‍ഡിലേക്ക് പോകുകയായിരുന്നു ചരക്ക് കപ്പല്‍. ഗ്രീസില്‍ നിന്നുള്ള യാത്രയിലായിരുന്നു ടാങ്കര്‍.
ഹള്‍ നഗരത്തിനടുത്തുള്ള തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സ്റ്റെന ഇമ്മാക്കുലേറ്റില്‍ സോളോങ് വന്നിടിക്കുകയായിരുന്നു എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. എല്ലാ കപ്പലുകളിലും വളരെ മികച്ച സാങ്കേതിക സംവിധാനങ്ങളുണ്ട്. അതിനാല്‍ തന്നെ തടസങ്ങള്‍ ഒഴിവാക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്റ്റെന ഇമ്മാക്കുലേറ്റിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് സ്റ്റെന ബള്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എറിക് ഹാനല്‍ ബിബിസിയോട് പ്രതികരിച്ചു. തിരക്കേറിയ കപ്പല്‍ പാതയിലാണ് അപകടമുണ്ടായത്. ബ്രിട്ടന്റെ വടക്കുകിഴക്കന്‍ തീരത്തുള്ള തുറമുഖങ്ങളില്‍ നിന്ന് നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി എന്നിവിടങ്ങളിലേക്ക് ഗതാഗതം നടത്തുന്ന റൂട്ട് കൂടിയാണിത്.