Bin Laden Son Hamza: ഒസാമ ബിൻ ലാദൻ്റെ മകൻ മരിച്ചിട്ടില്ല; അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതായി റിപ്പോർട്ട്
Bin Laden Son Hamza Alive: ഹംസയുടെ നേതൃത്വം ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയും താലിബാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹംസയുടെ സഹോദരൻ അബ്ദുല്ല ബിൻ ലാദനും അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Hamza And Osama Bin Laden. (Image Credits: TV9 Bharatvarsh)
ന്യൂഡൽഹി: ഒസാമ ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദൻ (Bin Laden Son Hamza) കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. അൽ-ഖ്വയ്ദയുടെ കമാൻഡർ (Commander of Al-Qaeda) സ്ഥാനം ഏറ്റെടുത്തതായാണ് റിപ്പോർട്ട്. 2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഭീകരതയുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ, അഫ്ഗാനിസ്ഥാനിൽ പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതായാണ് റിപ്പോർട്ട്. അൽ-ഖ്വയ്ദയുടെ പുനരുജ്ജീവനത്തിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി നേടാൻ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമമായ മിറർ ഇന്റലിജന്റ്സ് വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഹംസയുടെ നേതൃത്വം ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയും താലിബാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹംസയുടെ സഹോദരൻ അബ്ദുല്ല ബിൻ ലാദനും അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലാദൻ കുടുംബത്തിൻ്റെ നേതൃത്വത്തിൽ ശക്തമായ ഒരു ഭീകര വംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നുണ്ട്. ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽ നിന്ന് രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചതായും കരുതപ്പെട്ടിരുന്നതാണ്.
ALSO READ; കൂപ്പുകുത്തിയ ഫലസ്തീന്‍ സാമ്പത്തിക രംഗം; തൊഴിലില്ലായ്മ രൂക്ഷം
അഫ്ഗാനിസ്ഥാനിൽ 2019 ലെ യുഎസ് വ്യോമാക്രമണത്തിൽ ഇയാൾ മരിച്ചതായി യുഎസ് അവകാശപ്പെട്ടെങ്കിലും മരണം സ്ഥിരീകരിക്കാൻ ഡിഎൻഎ തെളിവുകളോ മറ്റ് കാര്യങ്ങളോ ലഭിച്ചിരുന്നില്ല. അൽ-ഖ്വയ്‌ദ അംഗങ്ങളുടെ ഇറാനിലേക്കും പുറത്തേക്കുമുള്ള സഞ്ചാരം സുഗമമാക്കുന്നതിന് വിവിധ അഫ്ഗാൻ പ്രവിശ്യകളിൽ ഇയാൾ സുരക്ഷിത ഭവനങ്ങൾ ഉപയോഗിക്കുന്നതായും സൂചനയുണ്ട്. സമീപകാല രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം വ്യക്തമാക്കുന്നതായും മിറർ റിപ്പോർട്ട് പറയുന്നു.
ഹംസയുടെ അതിജീവനം ഇറാഖ് യുദ്ധത്തിന് ശേഷമുള്ള അൽ-ഖ്വയ്ദയുടെ ഏറ്റവും ശക്തമായ പുനരുജ്ജീവനമാണെന്നും പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വീണ്ടും തുടക്കമാകുമെന്നുമുള്ള ആശങ്കകളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.