Pakistan Train Hijack: ബലൂചിസ്ഥാനില്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയി; 100 ലധികം പേരെ ഭീകരവാദികള്‍ ബന്ദികളാക്കി
Terrorists Hijacked Jaffar Express in Balochistan: തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷാവറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഭീകരവാദികള്‍ പ്രസ്താവനയിലൂടെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരവാദികള്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയി. 400 ഓളം യാത്രക്കാരുമായി പോയ പാസഞ്ചര്‍ ട്രെയിനാണ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്. ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്ത സംഘം 100 ലധികം പേരെ ബന്ദികളാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷാവറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഭീകരവാദികള്‍ പ്രസ്താവനയിലൂടെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാ ഉദ്യോഗസ്ഥാര്‍ ഉള്‍പ്പെടെയുള്ള നൂറിലധികം ആളുകളെയാണ് അവര്‍ ബന്ദികളാക്കിയതെന്നാണ് വിവരം. ആക്രമണത്തില്‍ ആരെങ്കിലും മരണപ്പെട്ടോ എന്ന വിവരം ലഭ്യമല്ല. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പായ ബലൂച് ലിബറേഷന്‍ ആര്‍മിയാണെന്നാണ് (ബിഎല്‍എ) സൂചന. പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥരെയും മറ്റ് സുരക്ഷാ ഏജന്‍സികളിലെയും അംഗങ്ങളാണ് തങ്ങളുടെ കൈവശമുള്ളതെന്ന് അവര്‍ പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.




ബന്ദിയാക്കിയവരില്‍ പാകിസ്താന്‍ സൈന്യം, പോലീസ്, തീവ്രവാദ വിരുദ്ധ സേന, ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. പഞ്ചാബിലേക്ക് യാത്ര ചെയ്യാന്‍ പുറപ്പെട്ടവരായിരുന്നു എല്ലാവരുമെന്നും ബിഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.
സൈനിക നടപടി ഉണ്ടാകുകയാണെങ്കില്‍ ബന്ദികളെ വധിക്കുമെന്ന് സംഘം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്തെങ്കിലും സൈനിക നടപടിക്ക് ശ്രമിക്കുകയാണെങ്കില്‍ അനന്തരഫലങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് ബിഎല്‍എ വ്യക്തമാക്കി. രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്തം സൈന്യം തന്നെ ഏറ്റെടുക്കേണ്ടി വരുമെന്നും ഭീകരവാദികള്‍ പറഞ്ഞു.
ട്രെയിനിലുള്ള സ്ത്രീകളെയും കുട്ടികളെയും ബലൂച് യാത്രക്കാരെയും മോചിപ്പിച്ചതായും തങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് പാകിസ്താന്‍ ഉദ്യോഗസ്ഥരാണെന്ന് ഉറപ്പാക്കിയതായും ബിഎല്‍എ നേതാവ് ഹോവീര്‍ അവകാശപ്പെട്ടു.
അതേസമയം, അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും സ്ഥിതിഗതികളെ നേരിടാന്‍ തയാറാണെന്നും സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്‍ഡ് പറഞ്ഞു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.