Pakistan: സ്ത്രീകൾക്ക് പാകിസ്ഥാന്റെ ‘ജിഹാദി കോഴ്സ്; കൂട്ടത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ ഭാര്യമാരും
Pakistan online jihadi course for women: കോഴ്‌സ് വഴി കഴിയുന്നത്ര സ്ത്രീകളെ സംഘടനയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം. ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.

Masood Azhar
ന്യൂഡൽഹി: പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഎം) സ്ത്രീകൾക്ക് ഓൺലൈൻ ജിഹാദി കോഴ്സ് ആരംഭിക്കുന്നതായി റിപ്പോർട്ട്. ‘തുഫത് അൽ-മുമിനത്ത്’ എന്ന് പേരിട്ടിരിക്കുന്ന കോഴ്‌സ് വഴി കഴിയുന്നത്ര സ്ത്രീകളെ സംഘടനയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം. ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.
ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരരുടെ ഭാര്യമാരാണ് കോഴ്സിൽ പങ്കെടുക്കുന്നതെന്ന റിപ്പോർട്ടുമുണ്ട്. മെയ് 7 ന് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടിരുന്നു. 500 പാകിസ്ഥാൻ രൂപയാണ് കോഴ്സിന്റെ ഫീസ്.
ALSO READ: അഞ്ച് ലക്ഷം തൊഴിലാളികൾക്ക് പകരം റോബോട്ടോ? ആമസോൺ ഓട്ടോമേഷന്റെ വഴിയിൽ
മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയയും സമൈറ അസ്ഹറും ചേർന്ന് നവംബർ 8 മുതൽ ദിവസവും 40 മിനിറ്റ് ക്ലാസുകൾ നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് (ജെഎം) തങ്ങളുടെ ആദ്യത്തെ വനിതാ വിഭാഗമായ ജമാഅത്ത്-ഉൽ-മോമിനാത്ത് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ഐസിസ്, ബൊക്കോ ഹറാം, ഹമാസ്, എൽടിടിഇ തുടങ്ങിയ ഗ്രൂപ്പുകൾ പ്രയോഗിക്കുന്ന തന്ത്രങ്ങൾക്ക് സമാനമായി, ജെയ്‌ഷെ മുഹമ്മദ് വനിതാ ചാവേർ ആക്രമണകാരികൾക്ക് പരിശീലനം നൽകാൻ തുടങ്ങുമെന്നതിന്റെ സൂചനയാണ് ഈ നീക്കമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, പാകിസ്ഥാനിലുടനീളം 313 പുതിയ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 3.91 ബില്യൺ രൂപ സമാഹരിക്കാൻ ഈസിപൈസ വഴി ഒരു ഓൺലൈൻ ഫണ്ട്‌റൈസിംഗ് കാമ്പെയ്‌നും ജെയ്‌ഷെ മുഹമ്മദ് ആരംഭിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.