Russian Air Strike: കീവില്‍ ഡ്രോണ്‍ മഴ തീര്‍ത്ത് റഷ്യ; ആക്രമണം ട്രംപിന്റെ വെടിനിര്‍ത്തല്‍ നിരസിച്ചതിന് പിന്നാലെ
Russian Air Strike in Kyiv: ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇറാന്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സംസാരത്തിന്റെ ഭാഗമായി. യുക്രെയ്ന്‍ വിഷയവും ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ ആ വിഷയത്തില്‍ ഞാന്‍ സന്തോഷവാനല്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ യാതൊരു വിധ പുരോഗതിയും ഇല്ലെന്നും ട്രംപ് പ്രതികരിച്ചു.

കീവ്: യുക്രെയ്‌നില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. 13 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തില്‍ 23 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് കീവ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 539 റഷ്യന്‍ ഡ്രോണുകളില്‍ 476 എണ്ണം യുക്രെയ്ന്‍ തടഞ്ഞതായി വ്യോമസേന അറിയിച്ചു. റഷ്യ 11 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണമുണ്ടായത്. റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്നാണ് ട്രംപ് ഫോണ്‍ സംഭാഷണത്തിന് ശേഷം പ്രതികരിച്ചത്.
ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇറാന്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സംസാരത്തിന്റെ ഭാഗമായി. യുക്രെയ്ന്‍ വിഷയവും ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ ആ വിഷയത്തില്‍ ഞാന്‍ സന്തോഷവാനല്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ യാതൊരു വിധ പുരോഗതിയും ഇല്ലെന്നും ട്രംപ് പ്രതികരിച്ചു.




അതേസമയം, കീവിലെ രാത്രി തികച്ചും ഭയാനകവും ഉറക്കമില്ലാത്തതുമാണെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞു. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വ്യോമാക്രമണങ്ങളില്‍ ഒന്നാണ് നടന്നതെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും പറഞ്ഞു.
Also Read: One Big Beautiful Bill: ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എങ്ങനെ ഇന്ത്യക്കാരെ ബാധിക്കും?
ആക്രമണത്തില്‍ നിരവധി മേഖലകളില്‍ തീപിടിത്തമുണ്ടായി. ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണമായും ഭാഗികമായും കത്തിനശിച്ചു. കീവിലെ റെയില്‍വേയുടെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ ഒരു റഷ്യന്‍ വംശജയായ സ്ത്രീ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.