Steel-Aluminum Tariffs: സ്റ്റീല്‍, അലുമിനിയം ഇറക്കുമതി തീരുവ 50%; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്
Trump Sign In Steel-Aluminum Tariffs Hike Order: ബുധനാഴ്ച (ജൂണ്‍ 4) മുതല്‍ പുതിയ താരിഫ് നിലവില്‍ വരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു. ഈ നടപടി അമേരിക്കന്‍ സ്റ്റീല്‍ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് പറഞ്ഞു.
വാഷിങ്ടണ്‍: സ്റ്റീല്‍, അലുമിനിയം എന്നിവയുടെ താരിഫ് ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസില്‍ ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തി. താരിഫ് ഇരട്ടിയാക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.
ബുധനാഴ്ച (ജൂണ്‍ 4) മുതല്‍ പുതിയ താരിഫ് നിലവില്‍ വരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു. ഈ നടപടി അമേരിക്കന്‍ സ്റ്റീല്‍ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് പറഞ്ഞു. കാറുകള്‍ മുതല്‍ ഭക്ഷണങ്ങളുടെ പാക്കിങ്ങിന് വരെ ഉപയോഗിക്കുന്ന ലോഹങ്ങളുടെ തീരുവ രണ്ടാം തവണയാണ് വര്‍ധിപ്പിക്കുന്നത്.
എന്നാല്‍ യുകെയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ തന്നെയാകും ഈടാക്കുന്നത്. യുഎസുമായുള്ള തുടര്‍ച്ചയായ വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് യുകെയ്ക്ക് ഇളവ് നല്‍കിയതെന്ന് ട്രംപ് വ്യക്തമാക്കുന്നു.




കാനഡ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ ലോഹങ്ങളെത്തുന്നത്. അതിനാല്‍ തന്നെ ട്രംപിന്റെ നീക്കം യുഎസിന് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വലിയ തോതില്‍ ലോഹങ്ങള്‍ ഉപയോഗിക്കുന്ന അമേരിക്ക ഈ നടപടിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
തീരുവ വര്‍ധിക്കുന്നത് സ്വാഭാവികമായും കമ്പനികളെ ഉത്പാദനം നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിക്കും. ഇത് ഉപയോക്താക്കളെ പ്ലാസ്റ്റിക് അല്ലെങ്കില്‍ പേപ്പര്‍ ബോക്‌സുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുമെന്നും മേരിലാന്‍ഡ് ആസ്ഥാനമായുള്ള ഇന്‍ഡിപെന്‍ഡന്റ് കാന്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് റിക്ക് ഹ്യൂതര്‍ പറയുന്നു.