UAE New Onboard Rules: യുഎഇ എയര്‍ലൈന്‍ ഓണ്‍ബോര്‍ഡ് നിയമങ്ങളില്‍ മാറ്റം; ഇവ കൊണ്ടുപോകാനാകില്ല
UAE Flight Guidelines 2025: ലിഥിയം ബാറ്ററികളില്‍ നിന്നുള്ള അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനായി പവര്‍ ബാങ്കുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് ഫ്‌ളൈദുബായ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
അബുദബി: യുഎഇ എയര്‍ലൈന്‍ ഓണ്‍ബോര്‍ഡ് നിയമങ്ങളില്‍ മാറ്റം. വിമാനത്തില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഈ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 100Wh ല്‍ താഴെ ശേഷിയുള്ള ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയമതടസങ്ങളില്ലെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി. എന്നാല്‍ ഇവ വിമാനത്തിലിരുന്ന് ഉപയോഗിക്കാനാകില്ല.
നിയമ മാറ്റത്തിന് പിന്നാലെ ഫ്‌ളൈദുബായി ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കി. ലിഥിയം ബാറ്ററികളില്‍ നിന്നുള്ള അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനായി പവര്‍ ബാങ്കുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് ഫ്‌ളൈദുബായ് അറിയിച്ചു.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
- ഒക്ടോബര്‍ 1 മുതല്‍ ഫ്‌ളൈദുബായ് വിമാനങ്ങള്‍ യാത്രക്കാര്‍ പാലിക്കേണ്ട നിയമങ്ങള്‍ പരിശോധിക്കാം.
- വാട്ട്-അവര്‍ റേറ്റിങ് 100Wh അല്ലെങ്കില്‍ അതില്‍ കുറവാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് ഹാന്‍ഡ് ലഗേജില്‍ പവര്‍ ബാങ്ക് കൊണ്ടുപോകാം. ലേബല്‍ ആവശ്യമാണ്.
- വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ പാടില്ല. ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ല, വിമാനത്തിലെ പവര്‍ സോക്കറ്റുകള്‍ വഴി പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനും അനുവദിക്കില്ല.
- പവര്‍ ബാങ്ക് യാത്രക്കാരന്റെ സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കണം. ഓവര്‍ഹെഡ് ലോക്കറുകള്‍ ഈ ഉപകരണങ്ങള്‍ക്ക് അനുവദിക്കില്ല.
- അബദ്ധത്തില്‍ ആക്ടിവേറ്റ് ആകുക, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുക എന്നിവ ഒഴിവാക്കാനായി പവര്‍ ബാങ്ക് സ്വിച്ച് ഓഫ് ചെയ്യണം.
- ചെക്ക്ഡ് ബാഗേജില്‍ ഒരു കാരണവശാലും പവര്‍ ബാങ്കുകള്‍ വെക്കാന്‍ പാടില്ല. ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ തുടങ്ങിയ വിഥിയം പവര്‍ ഉപകരണങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.