Ukraine Peace Talks: യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ വലിയ പുരോഗതി; പ്രശംസിച്ച് അമേരിക്ക
Geneva Ukraine Negotiations: വളരെ നല്ല ദിവസമായിരുന്നു ഇന്ന്. 28 പോയിന്റ് യുഎസ് സമാധാന പദ്ധതിയില്‍ നിന്നും ഇരുകൂട്ടര്‍ക്കും അനുയോജ്യമായ കാര്യങ്ങളിലേക്ക് എത്തുക എന്നതില്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാക്കാന്‍ സാധിച്ചു.
വാഷിങ്ടണ്‍: ജനീവയില്‍ നടക്കുന്ന റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ വലിയ പുരോഗതിയെന്ന് അവകാശപ്പെട്ട് അമേരിക്ക. യുഎസ് നിര്‍ദേശിച്ച സമാധാന പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകളില്‍ വലിയ തോതിലുള്ള പുരോഗതി കൈവരിച്ചതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. എന്നാല്‍ ഇനിയും കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ടെന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം റൂബിയോ പറഞ്ഞു.
വളരെ നല്ല ദിവസമായിരുന്നു ഇന്ന്. 28 പോയിന്റ് യുഎസ് സമാധാന പദ്ധതിയില്‍ നിന്നും ഇരുകൂട്ടര്‍ക്കും അനുയോജ്യമായ കാര്യങ്ങളിലേക്ക് എത്തുക എന്നതില്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ഈ വ്യവസ്ഥകള്‍ റഷ്യയിലേക്ക് അയക്കും മുമ്പ് അന്തിമ കരാറിന് ഇരുരാജ്യത്തെ പ്രസിഡന്റുമാരും യോജിക്കേണ്ടതുണ്ട്. അവര്‍ തുടര്‍ന്നും പരിഹരിക്കേണ്ട രണ്ട് വിഷയങ്ങള്‍ ഉണ്ടെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
റൂബിയോയുടെ പരാമര്‍ശങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം യുഎസും യുക്രെയ്‌നും സംയുക്തമായ പ്രസ്താവന പുറത്തിറക്കി. പുതുക്കിയതും പരിഷ്‌കരിച്ചതുമായ ഒരു സമാധാന കരാര്‍ ഇരുരാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കരാര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കുന്നുണ്ട് എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും പറഞ്ഞു. യുക്രെയ്‌ന് വളരെ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചിലപ്പോള്‍ അന്തസ് നഷ്ടപ്പെടും, അല്ലെങ്കില്‍ ഒരു പ്രധാന പങ്കാളിയെ നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് ശ്രമങ്ങള്‍ക്ക് യുക്രെയ്ന്‍ നേതാക്കള്‍ നന്ദി കാണിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. കീവിന്റെ സഖ്യകക്ഷിയായ യൂറോപ്പ് ഇപ്പോഴും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നത് തുടരുകയാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

