Donald Trump: ‘ഞാൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു’; പ്രസിഡന്റ് ഡോണൾഡ് ട്രംപ്
US President Donald Trump: കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

Us President Donald Trump
ലണ്ടൻ: താൻ ഇല്ലായിരുന്നുവെങ്കിൽ ആറ് വലിയ യുദ്ധങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്കോട്‌ലൻഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
പാകിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കളെ തനിക്കറിയാമെന്നും അവർ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവർ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഭ്രാന്താണെന്നാണ് ട്രംപ് പറയുന്നത്. ഈ നിലയാണെങ്കിൽ രുരാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു.
Also Read:‘10 – 12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണം’: റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം
ഇതിനു സമാനമായി വ്യാപാര ചർച്ചകൾ ഉപകരണമായി ഉപയോഗിച്ച് തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷവും തടയാൻ കഴിഞ്ഞെന്നും ട്രംപ് പറയുന്നു. താൻ മധ്യസ്ഥത വഹിച്ച് റുവാണ്ടയ്‌ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്‌ക്കും ഇടയിൽ സമാധാന കരാറിനെക്കുറിച്ചും സെർബിയയ്‌ക്കും കൊസോവോയ്‌ക്കും ഇടയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സംഘർഷം എങ്ങനെ തടഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ആദ്യം മുതൽ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളുന്ന കാഴ്ചയാണ് കണ്ടത്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണ് യുദ്ധം അവസാനിച്ചതെന്നാണ് ഇന്ത്യയുടെ വാദം.