Trump Warns Iran: ആണവ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും; ഇറാന് ട്രംപിൻ്റെ മുന്നറിയിപ്പ്
Donald Trump Warns Iran to Make Nuclear Deal: ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ പ്രസിഡന്റ് ആണവ പദ്ധതി തടയുന്നതിനായി ഇറാൻ അമേരിക്കയുമായി ചർച്ചകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു.
വാഷിംഗ്ടൺ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ പ്രസിഡന്റ് ആണവ പദ്ധതി തടയുന്നതിനായി ഇറാൻ അമേരിക്കയുമായി ചർച്ചകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു. ഫോക്സ് ന്യൂസിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന് ഒരു ആണവ ബോംബ് നിർമ്മിക്കാൻ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായുളള ചർച്ചകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആക്രമണത്തിന് മുമ്പ് ഇസ്രയേൽ വിവരം അറിയിച്ചിരുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ആണവ ചർച്ച ജൂൺ 15ന് ഒമാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.
ജൂൺ 13ന് ഇറാനെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം. “ആണവ കരാറിൽ ഏർപ്പെടാൻ ഇറാന് ഒരു അവസരം നൽകി. അത് ചെയ്യണമെന്ന് അവരോട് ശക്തമായ ഭാഷയിലാണ് പറഞ്ഞത്. പക്ഷെ എത്ര ശ്രമിച്ചാലും, ലക്ഷ്യത്തിനടുത്ത് എത്തിയാലും അവർക്കത് പൂർത്തിയാക്കാൻ കഴിയില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും മാരകവുമായ സൈനിക ഉപകരണങ്ങളാണ് അമേരിക്ക നിർമ്മിക്കുന്നതെന്ന് ഇറാന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിന്റെ പക്കൽ അവ ധാരാളം ഉണ്ട്. അവർക്ക് അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം” എന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
ALSO READ: ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍
ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ, ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. അഞ്ചു റൗണ്ടുകളിലായി 13 സുപ്രധാന കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന് പേരിട്ട ആക്രമണത്തിൽ ഇറാൻ സൈനിക മേധാവിയും റെവലൂഷൻ ഗാർഡ് കോർപ്സ് മേധാവിയും ഉൾപ്പടെ കൊല്ലപ്പെട്ടു.
ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം ആറു സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റേത് ഏകപക്ഷീയമായ നടപടി ആണെന്ന് വിഷയത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചു.