Pakistan: 700 കോടി കിട്ടിയാൽ പാകിസ്ഥാൻ എന്ത് ചെയ്യും? ലോക ബാങ്കിൻ്റെ സഹായം എങ്ങനെ?
World Bank Loan for Pakistan: ലോകബാങ്കിന്‍റെ 'പബ്ലിക് റിസോഴ്‌സസ് ഫോർ ഇൻക്ലൂസീവ് ഡെവലപ്‌മെന്‍റ്' എന്ന പദ്ധതിക്ക് കീഴിലാണ് ഫണ്ട് റിലീസ് ചെയ്യുന്നത്. ആകെ 1.35 ബില്യൺ ഡോളർ വരെ ലഭ്യമാക്കാവുന്ന പദ്ധതിയുടെ ആദ്യഘട്ടമാണിത്.

World Bank
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് സഹായവുമായി ലോക ബാങ്ക്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന് 700 ദശലക്ഷം ഡോളർ വായ്പ നൽകാൻ ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് തീരുമാനിച്ചു. രാജ്യത്തിന്‍റെ മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മൾട്ടി-ഇയർ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകബാങ്കിന്‍റെ ‘പബ്ലിക് റിസോഴ്‌സസ് ഫോർ ഇൻക്ലൂസീവ് ഡെവലപ്‌മെന്‍റ്’ എന്ന പദ്ധതിക്ക് കീഴിലാണ് ഈ ഫണ്ട് റിലീസ് ചെയ്യുന്നത്. ആകെ 1.35 ബില്യൺ ഡോളർ വരെ ലഭ്യമാക്കാവുന്ന പദ്ധതിയുടെ ആദ്യഘട്ടമാണിത്. പാകിസ്ഥാന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് ആഭ്യന്തര വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും വിനിയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് പാകിസ്ഥാനിലെ ലോകബാങ്ക് കൺട്രി ഡയറക്ടർ ബൊലോർമ അമ്ഗബസാർ പറഞ്ഞു.
ഫണ്ടുകൾ എവിടെ ഉപയോഗിക്കും?
പബ്ലിക് റിസോഴ്‌സസ് ഫോർ ഇൻക്ലൂസീവ് ഡെവലപ്‌മെന്റ്–മൾട്ടിഫേസ് പ്രോഗ്രാമാറ്റിക് അപ്രോച്ച് (PRID-MPA) എന്ന ചട്ടക്കൂടിന് കീഴിലാണ് ഫണ്ട് അനുവദിക്കുന്നത്. ഈ അംഗീകൃത തുകയിൽ 600 മില്യൺ യുഎസ് ഡോളർ ഫെഡറൽ തലത്തിലുള്ള പ്രോഗ്രാമുകൾക്കായി അനുവദിക്കും. 100 മില്യൺ യുഎസ് ഡോളർ സിന്ധ്യ പ്രവിശ്യയിലെ വികസനത്തിനും ഉപയോഗിക്കും.
ALSO READ: ബുർജ് ഖലീഫ ഇനി രണ്ടാം സ്ഥാനത്ത്; 80 നിലകൾ പൂർത്തിയാക്കി ജിദ്ദ ടവർ കുതിയ്ക്കുന്നു
നികുതി പരിഷ്കാരങ്ങൾ നടപ്പിലാക്കുക, ബജറ്റ് ആസൂത്രണം കാര്യക്ഷമമാക്കുക, സ്‌കൂളുകൾക്കും ക്ലിനിക്കുകൾക്കും കൃത്യമായ ഫണ്ട് ലഭ്യമാക്കുക, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
നേരത്തെ, പഞ്ചാബ് പ്രവിശ്യയിലെ പ്രാഥമിക വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി 47.9 ദശലക്ഷം ഡോളർ ലോകബാങ്ക് ഗ്രാന്റായി നൽകിയിരുന്നു. ഐ.എം.എഫ് (IMF) നൽകുന്ന സാമ്പത്തിക സഹായങ്ങൾക്ക് പുറമെയാണ് ഇപ്പോൾ ലോകബാങ്കിന്റെ ഈ പിന്തുണ കൂടി പാകിസ്താന് ലഭിക്കുന്നത്.