Kerala Budget 2026: ക്ഷേമപെന്‍ഷന്‍ 2,000 തന്നെ മാറ്റമില്ല; 14,500 കോടി അനുവദിച്ചു
Kerala Welfare Pension Budget 2026 Announcement: പിണറായി വിജയന്റെ ആദ്യ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 600 രൂപയായിരുന്നു സംസ്ഥാനത്ത് പെന്‍ഷന്‍. എന്നാല്‍ ഘട്ടം ഘട്ടമായി തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 1,600യാണ് നിലവില്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.

കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ തുകയില്‍ മാറ്റമില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പെന്‍ഷന്‍ വിതരണത്തിനായി 14,500 കോടി അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി പെന്‍ഷന്‍ 2,000 രൂപയാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഈ തുക തുടര്‍ന്നും വിതരണം ചെയ്യും.
പിണറായി വിജയന്റെ ആദ്യ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 600 രൂപയായിരുന്നു സംസ്ഥാനത്ത് പെന്‍ഷന്‍. എന്നാല്‍ ഘട്ടം ഘട്ടമായി തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 1,600യാണ് നിലവില്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. അവസാനം പ്രഖ്യാപിച്ച 2,000 രൂപ ഇതുവരെ വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല. 2025 നവംബര്‍ മാസം മുതലുള്ള പെന്‍ഷനില്‍ ഈ തുക ഉള്‍പ്പെട്ടതായി ധനമന്ത്രി വ്യക്തമാക്കി.
നിലവില്‍ ഏകദേശം 62 ലക്ഷത്തോളം പേരാണ് കേരളത്തില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഈ തുക വിതരണം ചെയ്യുന്നു.
ബാങ്ക് അക്കൗണ്ട് വഴിയും കൂടാതെ സഹകരണ ബാങ്കുകള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തിയും പെന്‍ഷന്‍ തുക കൈമാറുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും ഫണ്ട് വെട്ടിക്കുറയ്ക്കലും കാരണം ഇടക്കാലത്ത് പെന്‍ഷന്‍ വിതരണത്തില്‍ ചെറിയ തടസങ്ങള്‍ സര്‍ക്കാര്‍ നേരിട്ടിരുന്നെങ്കിലും, സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തി കുടിശിക തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
Also Read: Kerala Budget 2026: ആശ വർക്കന്മാർക്കും, അംഗൻവാടി ജീവനക്കാർക്കും ആശ്വസിക്കാം; ശമ്പളം കൂട്ടി
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍- ഏകദേശം 50 ലക്ഷം പേര്‍
ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍- ഏകദേശം 12 ലക്ഷം പേര്‍
പെന്‍ഷന്‍ നല്‍കുന്ന 1600 രൂപയില്‍ വലിയൊരു ഭാഗവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് ഏകദേശം 6.88 ലക്ഷം പേര്‍ക്ക് മാത്രമാണ്. ഇവയില്‍ തന്നെ കേന്ദ്ര വിഹിതം 200 രൂപ മുതല്‍ 500 രൂപ വരെയാണ്. ബാക്കി തുക സംസ്ഥാനമാണ് എല്ലാവര്‍ക്കും നല്‍കുന്നത്.