Kerala Budget: ബജറ്റ് ജനുവരി 29-ന്; ജനകീയ പ്രഖ്യാപനങ്ങൾക്ക് കാത്തിരുന്ന് കേരളം
Kerala State Budget 2026: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസം സഭചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്.

KN Balagopal
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കുമെന്ന് സ്പീക്കർ എ. എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. സമാധാനപരമായ സഭാ സമ്മേളനം ആകും ഇത്തവണത്തെതെന്നും ഭരണപക്ഷവും പ്രതിപക്ഷവും സഭയുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ജനുവരി 20-ന് ആരംഭിക്കും. ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസമാണ് സഭചേരുന്നത്. 2026-27 വർഷത്തേക്കുള്ള ബജറ്റ് ജനുവരി 29ന് ആണ് അവതരിപ്പിക്കുന്നത്.
ഫെബ്രുവരി 2, 3, 4 ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 6 മുതൽ മാർച്ച് 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർത്ഥനകൾ പരിശോധിക്കും. മാർച്ച് 26ന് സഭ പിരിയും. 2025-26 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2026-27 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ALSO READ: സാമ്പത്തിക സര്‍വേ ജനുവരി 29ന്, കേന്ദ്ര ബജറ്റ് എന്ന്? തീയതി പുറത്ത്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റ് ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രഖ്യാപനങ്ങളും ജനക്ഷേമ പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. ജനുവരി 29-ന് ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ സമർപ്പിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്.