Union Budget 2026: ആദായ നികുതി ഇളവ് ലഭിക്കുമോ? കേന്ദ്ര ബജറ്റിൽ ഉറ്റുനോക്കി രാജ്യം
Union Budget 2026 Expectations: മധ്യവർഗക്കാരായ ശമ്പളക്കാർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ആദായനികുതി ഇളവുകൾക്കായാണ്. പുതിയ നികുതി വ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ നൽകിക്കൊണ്ട് നികുതിഭാരം കുറയ്ക്കാനുള്ള നടപടികൾ ഉണ്ടായേക്കാമെന്നാണ് സൂചനകൾ.

Union Budget
2026 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, വലിയ പ്രതീക്ഷയിലാണ് രാജ്യം. സാമ്പത്തിക വളർച്ചയും സാധാരണക്കാരുടെ ജീവിതനിലവാരവും ഉയർത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ബജറ്റിൽ 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതുപോലെ, ഇത്തവണയും സാധാരണക്കാർക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?
മധ്യവർഗക്കാരായ ശമ്പളക്കാർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ആദായനികുതി ഇളവുകൾക്കായാണ്. പുതിയ നികുതി വ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ നൽകിക്കൊണ്ട് നികുതിഭാരം കുറയ്ക്കാനുള്ള നടപടികൾ ഉണ്ടായേക്കാമെന്നാണ് സൂചനകൾ. നികുതി നിയമങ്ങളിലെ അവ്യക്തതകൾ ഒഴിവാക്കി, ഐടിആർ ഫയലിംഗ് നടപടികൾ കൂടുതൽ എളുപ്പമാക്കുകയും നികുതി നോട്ടീസുകളുടെ എണ്ണം കുറയ്ക്കണമെന്നും ആവശ്യമുണ്ട്.
അതുപോലെ, ഭവന വായ്പാ പലിശ അടിസ്ഥാനമായുള്ള ആദായ നികുതിയിളവിന്റെ പരിധിയിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ, ഭവന വായ്പയുള്ളവർക്ക് ആദായ നികുതി ബാധകമായ വരുമാനത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വരെയാണ് കുറയ്ക്കാൻ കഴിയുന്നത്. ഇത് മൂന്ന് ലക്ഷമോ അതിലേറെ ആയോ കൂട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ALSO READ: സാമ്പത്തിക സര്‍വേ ജനുവരി 29ന്, കേന്ദ്ര ബജറ്റ് എന്ന്? തീയതി പുറത്ത്
ആദായനികുതിയിൽ പുതിയ സ്ലാബിന് വേണ്ടിയുള്ള ആവശ്യവും ശക്തമാണ്. നിലവിൽ വാർഷിക വരുമാനം 24 ലക്ഷം രൂപയിൽ മുകളിലാണെങ്കിൽ 30 ശതമാനമാണ് നികുതി. എന്നാൽ, 30 – 35 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 30 ശതമാനത്തിന് താഴെയും 35 – 50 ലക്ഷം രൂപ വരുമാനമുള്ളവർക്ക് മറ്റൊരു സ്ലാബും വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.
കൂടാതെ, ഇന്ത്യയെ ഒരു ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഹരിത ഊർജ്ജം എന്നീ മേഖലകൾക്ക് വലിയ തുക മാറ്റിവെച്ചേക്കും. ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില നിയന്ത്രിക്കാനുള്ള പ്രത്യേക പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചേക്കും.