Union Budget 2026: ബജറ്റിൽ നിർണായകം, എന്താണ് സാമ്പത്തിക സർവേ?
What is Economic Survey: ബജറ്റ് അവതരണത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് സാമ്പത്തിക സർവേ. ബജറ്റിന് തലേദിവസമാണ് ഈ രേഖ പുറത്തുവിടാറുള്ളത്. എന്ത് കൊണ്ടാണ് ബജറ്റിൽ സാമ്പത്തിക സർവേയ്ക്ക് ഇത്രയധികം പ്രാധാന്യം?
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത്തവണ എന്തെല്ലാം ആനുകൂല്യങ്ങളാകും ഉണ്ടാവുക, വിലക്കയറ്റമുണ്ടാകുമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ജനങ്ങൾക്കുള്ളത്. ബജറ്റ് അവതരണത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് സാമ്പത്തിക സർവേ. പാർലമെന്റിൽ ബജറ്റിന് തലേദിവസമാണ് ഈ രേഖ പുറത്തുവിടാറുള്ളത്. എന്ത് കൊണ്ടാണ് ബജറ്റിൽ സാമ്പത്തിക സർവേയ്ക്ക് ഇത്രയധികം പ്രാധാന്യം?
എന്താണ് സാമ്പത്തിക സർവേ?
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖയാണ് സാമ്പത്തിക സർവേ. ഓരോ വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുതലേദിവസമാണ് ധനമന്ത്രി പാർലമെന്റിൽ ഈ റിപ്പോർട്ട് സമർപ്പിക്കുന്നത്. രാജ്യത്തിന്റെ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക പ്രകടനം എങ്ങനെയുണ്ടായിരുന്നു എന്നും വരാനിരിക്കുന്ന വർഷത്തിൽ രാജ്യം എങ്ങോട്ട് പോകുന്നു എന്നും ഇത് വ്യക്തമാക്കുന്നു.
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പാണ് ഇത് തയ്യാറാക്കുന്നത്. രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണ് ഈ റിപ്പോർട്ട് രൂപപ്പെടുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നേര്‍ച്ചിത്രം ഇത് നൽകുന്നു. ഇന്ത്യയിൽ ആദ്യത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ചത് 1950-51 കാലഘട്ടത്തിലാണ്. 1964 വരെ ബജറ്റിനൊപ്പമാണ് ഇത് അവതരിപ്പിച്ചിരുന്നത്.
സാമ്പത്തിക സർവേയിൽ എന്തെല്ലാം?
സാമ്പത്തിക സര്‍വേ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. രാജ്യത്തിന്റെ ജിഡിപി വളർച്ച, ആഭ്യന്തര ഉൽപ്പാദനം എത്രത്തോളമുണ്ടെന്നും വരും വർഷം അത് എത്രയാകുമെന്നുമുള്ള പ്രവചനങ്ങൾ ഇതിലുണ്ടാകും.
ALSO READ: സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്…; 2026ലെ ബജറ്റില്‍ പ്രതീക്ഷകളേറെയാണ്
കൃഷി, വ്യവസായം, സേവന മേഖല തുടങ്ങിയവയുടെ പ്രകടനവും സാമ്പത്തിക രേഖയിൽ ഉൾപ്പെടുന്നു. രാജ്യത്തെ പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലനിലവാരവും സംബന്ധിച്ച കണക്കുകളും ഇതിലുണ്ടാകും. കൂടാതെ വിദേശ വ്യാപാരത്തിന്റെ അവസ്ഥയും വ്യക്തമാക്കുന്നു.
സാമ്പത്തിക സർവേയുടെ പ്രാധാന്യം
കഴിഞ്ഞ വർഷത്തെ പാളിച്ചകളും നേട്ടങ്ങളും തിരിച്ചറിഞ്ഞാൽ മാത്രമേ അടുത്ത വർഷത്തേക്കുള്ള ബജറ്റ് കൃത്യമായി പ്ലാൻ ചെയ്യാൻ സർക്കാരിന് കഴിയൂ. ഇതിന് സഹായിക്കുന്നത് സാമ്പത്തിക സർവേയാണ്.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കുള്ള പരിഹാരങ്ങളും പുതിയ സാമ്പത്തിക നയങ്ങളും ഈ റിപ്പോർട്ടിൽ നിർദ്ദേശിക്കപ്പെടുന്നുണ്ട്.
വിദേശ നിക്ഷേപകരും വൻകിട വ്യവസായികളും ഈ റിപ്പോർട്ട് ശ്രദ്ധയോടെ നിരീക്ഷിക്കാറുണ്ട്. രാജ്യത്തെ സാമ്പത്തിക സാഹചര്യം സുരക്ഷിതമാണോ എന്ന് അവർ മനസ്സിലാക്കുന്നത് ഈ റിപ്പോർട്ടിലൂടെയാണ്.
വരാനിരിക്കുന്ന വർഷത്തിൽ രാജ്യം നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ചുള്ള മുന്നറിയിപ്പും സാമ്പത്തിക സർവേ നൽകുന്നു.