Flight Ticket Booking: പിഴ നല്‍കാതെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം; വിമാന ടിക്കറ്റ് ബുക്കിങ് മാനദണ്ഡങ്ങള്‍ മാറുന്നു
DGCA New Flight Ticket Refund Rules: ട്രാവല്‍ ഏജന്റ് അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍, യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്ക് ആയിരിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്തെ വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് മാറ്റം സംഭവിക്കാന്‍ പോകുന്നത്. വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ടുയരുന്ന വ്യാപക പരാതികളെ തുടര്‍ന്നാണ് ഈ മാറ്റം.
ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ അധികതുക നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കും. ട്രാവല്‍ ഏജന്റ് അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍, യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്ക് ആയിരിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
21 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പൂര്‍ത്തിയാക്കുന്ന കാര്യം വിമാനക്കമ്പനികള്‍ ഉറപ്പാക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു. എയര്‍ലൈന്‍ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ബുക്കിങ് ശേഷമുള്ള 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന്, ടിക്കറ്റ് റദ്ദാക്കുക, യാത്രാ തീയതി മാറ്റുക തുടങ്ങിയ സേവനങ്ങള്‍ അധിക ഫീസില്ലാതെ ആസ്വദിക്കാനാകും.
Also Read: 8th Pay Commission: ജനുവരി മുതൽ ശമ്പളം എത്ര? അലവൻസുകളിൽ മാറ്റം; എട്ടാം ശമ്പള കമ്മീഷൻ അപ്ഡേറ്റ്!
ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂര്‍ സമയത്തേക്ക് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് ലുക്ക് ഇന്‍ ഓപ്ഷന്‍ നല്‍കിയിരിക്കണമെന്നും ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നു. ഈ സമയത്ത് യാത്രക്കാര്‍ക്ക് അധിക ഫീസില്ലാതെ ടിക്കറ്റ് റദ്ദാക്കുകയോ, ഭേദഗതികള്‍ വരുത്തുകയോ ചെയ്യാം. 48 മണിക്കൂറിന് ശേഷം ഈ സൗകര്യം ലഭിക്കുകയില്ല. ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കാന്‍ ഡിജിസിഎ നവംബര്‍ 30 വരെ വിമാനക്കമ്പനികള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.