AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

China-US Conflicts: നവംബര്‍ 1 മുതല്‍ ചൈനയ്ക്ക് 100% തീരുവ; അതോടെ സ്വര്‍ണം കൈവിട്ടുയരും

How Donald Trump’s China Tariff Affects Gold: രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,017.18 ഡോളറിലേക്ക് കുതിച്ചതാണ് കേരളത്തില്‍ വില വര്‍ധിക്കുന്നതിന് കാരണമായത്. ഒക്ടോബര്‍ 10ന് 4,000 ഡോളറിന് താഴെയായിരുന്നു സ്വര്‍ണവില. എന്നാല്‍ എന്താണ് ഇത്ര പെട്ടെന്ന് വലിയ കുതിപ്പ് നടത്താന്‍ സ്വര്‍ണത്തെ പ്രേരിപ്പിച്ചത്.

China-US Conflicts: നവംബര്‍ 1 മുതല്‍ ചൈനയ്ക്ക് 100% തീരുവ; അതോടെ സ്വര്‍ണം കൈവിട്ടുയരും
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 12 Oct 2025 11:05 AM

പൊന്നില്‍ കുളിച്ചുനിന്ന…പൊന്നില്‍ കുളിക്കാനോ ആര് എപ്പോ? അതൊക്കെ പണ്ട് ഇപ്പോള്‍ കുളിക്കാന്‍ പോയിട്ട് തൊട്ട് നോക്കാന്‍ പോലും പൊന്നില്ല ഹേ! വില ഇങ്ങനെ പോയാല്‍ എന്താ ചെയ്യാ, അല്ലേ? സ്വര്‍ണം തന്നോട് തന്നെ മത്സരിച്ച് അഴലിന്റെ ആഴങ്ങളില്‍ മാഞ്ഞുപോകുന്ന എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിച്ച് തുടങ്ങി. എല്ലാ ദിവസവും ചരിത്രവിലയിലേക്ക് കുതിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്? ബട്ട് ഗോള്‍ഡ് കാന്‍…സ്വര്‍ണത്തിനല്ലാതെ മറ്റാര്‍ക്കാണ് അതിന് സാധിക്കുന്നത്.

ശനിയാഴ്ച റെക്കോഡില്‍ മുത്തമിട്ടു

സ്വര്‍ണവിലയുടെ കാര്യത്തില്‍ എല്ലാ ദിവസവും ചരിത്രമാണ്. എന്നാല്‍ ഒക്ടോബര്‍ 11 ശനിയാഴ്ച സ്വര്‍ണമെത്തിയത് എക്കാലത്തെയും ഏറ്റവും നിരക്കിലേക്ക് മാത്രമല്ല, എല്ലാ പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞ് കൊണ്ടുമാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 400 രൂപയാണ്. ഒരു ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. ഇതോടെ പവന് 91, 120 രൂപയും ഗ്രാമിന് 11,390 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,017.18 ഡോളറിലേക്ക് കുതിച്ചതാണ് കേരളത്തില്‍ വില വര്‍ധിക്കുന്നതിന് കാരണമായത്. ഒക്ടോബര്‍ 10ന് 4,000 ഡോളറിന് താഴെയായിരുന്നു സ്വര്‍ണവില. എന്നാല്‍ എന്താണ് ഇത്ര പെട്ടെന്ന് വലിയ കുതിപ്പ് നടത്താന്‍ സ്വര്‍ണത്തെ പ്രേരിപ്പിച്ചത്.

ചൈനയും യുഎസും ഇടയുന്നു

കുറേനാളുകള്‍ക്ക് ശേഷം യുഎസും ചൈനയും ഇഞ്ചോടിഞ്ച് പോരാട്ടിലേക്ക് കടന്നിരിക്കുകയാണ്. പല കാരണങ്ങള്‍ പറഞ്ഞ് മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേകിച്ച് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തിയിരുന്ന ട്രംപ് ചൈനയെ അതില്‍ നിന്നെല്ലാം മുക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 100 ശതമാനം തീരുവ ചൈനയ്ക്ക് മേല്‍ ചുമത്താന്‍ പോകുന്നുവെന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ്.

തങ്ങളുടെ പക്കലുള്ള അപൂര്‍വ ഭൗമ ധാതുക്കള്‍ക്ക് മേല്‍ ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളാണ് അധിക തീരുവയിലേക്ക് ട്രംപിനെ എത്തിച്ചത്. നവംബര്‍ 1 മുതല്‍ അല്ലെങ്കില്‍ അതിന് മുമ്പ് തന്നെ പുതുക്കിയ താരിഫ് നിലവില്‍ വരുമെന്ന കാര്യവും ട്രംപ് അറിയിച്ചു. നിലവില്‍ ചൈന നല്‍കുന്ന താരിഫുകള്‍ക്ക് പുറമെയായിരിക്കും ഈ 100 ശതമാനം. എന്നാല്‍ താരിഫില്‍ മാത്രം ഒതുങ്ങുന്നതല്ല ട്രംപിന്റെ പ്രതികാരം, സോഫ്റ്റ്‌വെയറുകളുടെ മേലും കണിശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന കാര്യം ട്രംപ് വ്യക്തമാക്കി കഴിഞ്ഞു.

ധാതുക്കള്‍ അമേരിക്കയ്ക്ക് എന്തിന്?

ചൈനയില്‍ നിന്നുള്ള അഞ്ച് അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതിയാണ് നിലവില്‍ ഭരണകൂടം നിയന്ത്രിച്ചിരിക്കുന്നത്. ഹോര്‍മിയം, എര്‍ബിയം, തൂലിയം, യൂറോപ്പിയം, യെറ്റര്‍ബിയം എന്നിവയാണത്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ മറ്റ് ഏഴ് ലോഹങ്ങള്‍ക്കും ചൈന നിയന്ത്രണം കൊണ്ടുവന്നിരുന്നു. സമരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടീഷ്യം, സ്‌കാര്‍ഡിയം, യട്രിയം എന്നിവയ്ക്ക് പുറമെയാണ് ഇപ്പോഴുള്ള അഞ്ചെണ്ണം.

പ്രതിരോധ-സാങ്കേതിക മേഖലകളില്‍ ഉള്‍പ്പെടെ ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അപൂര്‍വ ലോഹങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുണ്ട്. 2020നും 2023നും ഇടയില്‍ യുഎസ് ഇറക്കുമതി ചെയ്ത അപൂര്‍വ ലോഹങ്ങളില്‍ 70 ശതമാനവും ചൈനയില്‍ നിന്നായിരുന്നുവെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രതിസന്ധികള്‍ക്കും ചൈനയുടെ നിലപാട് ആക്കംകൂട്ടും. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ യുഎസിന് ഗുരുതരമായ ആഘാതമുണ്ടാകുമ്പോള്‍ ചൈനയ്ക്ക് തങ്ങളുടെ സൈനിക ശക്തി അതിവേഗം വികസിപ്പിക്കാന്‍ സാധിക്കും.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന എപിഇസി ഉച്ചകോടിയില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കുന്നതിന് തൊട്ടുമുമ്പാണ് ചൈനയുടെ പുത്തന്‍ നീക്കം. ഇതോടെ ഇനി കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു.

സ്വര്‍ണവിലയ്ക്ക് എന്ത് സംഭവിക്കും?

അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചതോടെ ചൈനീസ് ഇറക്കുമതികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തി. ഇത് ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചൈന-യുഎസ് വ്യാപാര യുദ്ധം വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തും. അതിനാല്‍ തന്നെ ഈ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതമായ ആസ്തികളിലേക്ക് ആളുകള്‍ ചേക്കേറും.

Also Read: Gold Rate: ബ്രേക്കില്ലാതെ സ്വര്‍ണം കുട പിടിച്ച് വെള്ളി; യുഎസും ചൈനയും കളി കാര്യമാക്കും

ജപ്പാനിലെയും ഫ്രാന്‍സിലെയും രാഷ്ട്രീയ അശാന്തിയും സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. ആഗോള സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ സ്വര്‍ണം ഒരു സംരക്ഷണ മതിലായാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ ഇടിഎഫുകള്‍ 902 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിനെ അപേക്ഷിച്ച് 285 ശതമാനം കൂടുതലാണിത്.

പുതിയ തീരുവ പ്രഖ്യാപനം ഗ്ലോബല്‍ റിസ്‌ക് സെന്റിമെന്റ്‌സിനെ സ്വാധീനിക്കും. അതോടൊപ്പം തന്നെ എമേര്‍ജിങ് വിപണികളില്‍ സമ്മര്‍ദം സൃഷ്ടിക്കുമെന്നുമാണ് എന്റിച്ച് മണി സിഇഒയും സെബി രജിസ്‌റ്റേഡ് അനലിസ്റ്റുമായി പൊന്‍മുഡി ആര്‍ പറയുന്നത്. കോര്‍പറേറ്റ് മേഖലയിലെ ഹെവി വെയ്റ്റ് ഓഹരികളായ ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നിവയുടെയെല്ലാം രണ്ടാം പാദഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുകയാണ്. ഇക്കാരണങ്ങളെല്ലാം വിപണിയില്‍ സ്വാധീനം ചെലുത്താമെന്നും അദ്ദേഹം പറയുന്നു.

വ്യാപാരം യുദ്ധം ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തിന് കാരണമാകുന്നുണ്ട്. അതിനാല്‍ നിക്ഷേപകരില്‍ കൂടുതല്‍ ആളുകളും സ്വര്‍ണത്തിലേക്ക് തിരിയും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വില ഉയര്‍ത്തുകയും ചെയ്യുന്നു. കൂടാതെ ഡോളറിന്റെ മൂല്യം താഴേക്ക് വരുന്നത് വിപണിയില്‍ ആശങ്കയ്ക്ക് വഴിവെക്കും. അതും സ്വര്‍ണത്തിന് അനുകൂലമാണ്. അതിനാല്‍ ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം സ്വര്‍ണത്തെ നേരിട്ട് തന്നെ ബാധിക്കാനിടയുണ്ട്.