Gold Rate: ബ്രേക്കില്ലാതെ സ്വര്‍ണം കുട പിടിച്ച് വെള്ളി; യുഎസും ചൈനയും കളി കാര്യമാക്കും
US China Trade War Gold Impact: ചൈനയുടെ ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുഎസിനെയാണ്. ചൈനയില്‍ നിന്ന് 2023ല്‍ 22.8 മില്യണ്‍ ഡോളറിന്റെ അപൂര്‍വ ധാതുക്കളാണ് യുഎസ് ഇറക്കുമതി ചെയ്തത്. 2020നും 2023നും ഇടയില്‍ ചൈനയില്‍ നിന്നാണ് യുഎസ് അപൂര്‍വ ധാതുക്കളുടെ 70 ശതമാനവും ഇറക്കുമതി ചെയ്തതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയും യുഎസും വീണ്ടും വ്യാപാരയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. നവംബര്‍ 1 മുതല്‍ ചൈനയ്ക്ക് മേല്‍ 100 താരിഫുണ്ടായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഈ മാസം അവസാനം നടത്താനിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയും ട്രംപ് റദ്ദാക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. ട്രംപിന്റെ ഭീഷണികള്‍ക്ക് പിന്നാലെ സ്വര്‍ണവില വീണ്ടും അത്യുന്നതങ്ങളിലേക്ക് കുതിച്ചു.
യുഎസും ചൈനയും തമ്മിലെന്തുണ്ടായി?
അപൂര്‍വമായ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് ചൈന കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. അഞ്ച് ലോഹങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവരുന്നുവെന്ന് ചൈന വ്യക്തമാക്കി. ഹോള്‍മിയം, എര്‍ബിയം, തൂലിയം, യൂറോപ്പിയം, യെറ്റര്‍ബിയം എന്നീ ലോഹങ്ങള്‍ക്കാണ് ചൈന നിലവില്‍ കയറ്റുമതി നിരോധനമേര്‍പ്പെടുത്തിയത്.
ഈ വര്‍ഷം ഏപ്രിലില്‍ ഏഴ് ലോഹങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു. സമരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടീഷ്യം, സ്‌കാര്‍ഡിയം, യട്രിയം എന്നിവയ്ക്കായിരുന്നു അത്. രാജ്യത്തുള്ള 12 ലോഹങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം കൊണ്ടുവന്ന ചൈനയുടെ നടപടിയാണ് ട്രംപിനെ തീരുവ ചുമത്താന്‍ പ്രേരിപ്പിച്ചത്.




ചൈനയുടെ ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുഎസിനെയാണ്. ചൈനയില്‍ നിന്ന് 2023ല്‍ 22.8 മില്യണ്‍ ഡോളറിന്റെ അപൂര്‍വ ധാതുക്കളാണ് യുഎസ് ഇറക്കുമതി ചെയ്തത്. 2020നും 2023നും ഇടയില്‍ ചൈനയില്‍ നിന്നാണ് യുഎസ് അപൂര്‍വ ധാതുക്കളുടെ 70 ശതമാനവും ഇറക്കുമതി ചെയ്തതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കയറ്റുമതി കുറയുന്നത് യുഎസില്‍ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തുന്നു. പ്രതിരോധ സാങ്കേതിക മേഖലകളില്‍ യുഎസ് കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് സിഎസ്എസ് ക്രിട്ടിക്കല്‍ മിനറല്‍സ് സെക്യൂരിറ്റി പ്രോഗ്രാം ഡയറക്ടര്‍ ഗ്രേസ്ലിന്‍ ബാസ്‌കരന്‍ പറയുന്നത്. കയറ്റുമതി നിയന്ത്രിക്കുന്നത് വഴി യുഎസിനേക്കാള്‍ വേഗത്തില്‍ ചൈനയ്ക്ക് തങ്ങളുടെ സൈനിക ശക്തി വികസിപ്പിക്കാന്‍ സാധിച്ചേക്കും.
സ്വര്‍ണവും വെള്ളിയും
യുഎസും ചൈനയും തമ്മിലുള്ള പോര് രാജ്യാന്തര സാമ്പത്തിക മേഖലയെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഓഹരി, കറന്‍സി, എണ്ണ തുടങ്ങി വിവിധ മേഖലകളില്‍ കനത്ത നഷ്ടം നേരിടുന്നു. ഈയവസരം മുതലെടുത്ത് സുരക്ഷിത നിക്ഷേപമായ സ്വര്‍ണം വിലയില്‍ കുതിക്കുകയാണ്. ഒക്ടോബര്‍ 10 വെള്ളിയാഴ്ച ഔണ്‍സിന് 4,000 ഡോളറിന് താഴെയായിരുന്നു രാജ്യാന്തര വിപണിയിലെ സ്വര്‍ണവില. എന്നാല്‍ ഒക്ടോബര്‍ 11 ശനിയാഴ്ച അത് 4,017.18 ഡോളറിലേക്കെത്തി.
കേരളത്തില്‍ ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 91,120 രൂപയും ഒരു ഗ്രാമിന് 11,390 രൂപയുമാണ്. സര്‍വ്വകാല റെക്കോഡിലാണ് നിലവില്‍ സ്വര്‍ണം. 187 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ ശനിയാഴ്ചയിലെ നിരക്ക്. ഒരു കിലോയ്ക്ക് 1,87,000 രൂപയും വിലയുണ്ട്. 3,000 രൂപയാണ് ഒരു കിലോയില്‍ വിലയില്‍ വര്‍ധനവ് സംഭവിച്ചത്.
ഇതേസ്ഥിതിയിലാണ് സ്വര്‍ണത്തിന്റെ പോക്ക് എങ്കില്‍ വൈകാതെ 1 ലക്ഷമെന്ന ലക്ഷ്യം താണ്ടും. നിലവില്‍ പണികൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണത്തിന് 1 ലക്ഷത്തിന് മുകളില്‍ വിലയുണ്ട്. സ്വര്‍ണവില മാത്രം 1 ലക്ഷമെത്തുന്ന കാലം വിദൂരമല്ല, വൈകാതെ അതും പ്രതീക്ഷിക്കാം. സ്വര്‍ണത്തോടൊപ്പം തന്നെ വെള്ളി വിലയും വന്‍ കുതിപ്പാണ് നടത്തുന്നത്.