AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വര്‍ണവില 2 ലക്ഷമെത്തും; 2026ല്‍ 5000 ഡോളറിന്റെ ഉയര്‍ച്ച പ്രതീക്ഷിക്കാം

Gold Price Prediction 2026: ഇനി 2025ലെ വിലക്കയറ്റത്തെ കുറിച്ച് പറഞ്ഞ് വിഷമിക്കേണ്ട, 2026ല്‍ സ്വര്‍ണവില എവിടെയെത്തും എന്ന കാര്യം മാത്രമാണ് ഇനി അറിയേണ്ടത്. 2025 ലേത് പോലെ കുതിച്ചുയരുമോ അല്ലെങ്കില്‍ റെക്കോഡ് താഴ്ചയിലേക്ക് പോകുമോ എന്നെല്ലാം അറിയാനല്ലേ നിങ്ങളും കാത്തിരിക്കുന്നത്?

Gold Rate: സ്വര്‍ണവില 2 ലക്ഷമെത്തും; 2026ല്‍ 5000 ഡോളറിന്റെ ഉയര്‍ച്ച പ്രതീക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Moment/Getty Images
shiji-mk
Shiji M K | Published: 02 Dec 2025 17:55 PM

മലയാള സിനിമയില്‍ സ്വര്‍ണത്തെ, അല്ല പൊന്നിനെ പുകഴ്ത്തി എത്രയെത്ര പാട്ടുകളാണല്ലേ ഉള്ളത്, പൊന്നില്‍ കുളിച്ചുനിന്ന ചന്ദ്രികയും, പൊന്‍വീണയുമെല്ലാം മലയാളി മനസിലിടം നേടി. പൊന്നിന്‍ കുടത്തിന് എന്തിനാ പൊട്ടെന്നും പറഞ്ഞ് ഒട്ടേറെ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. പൊന്നുകൊണ്ട് അങ്ങനെ പാട്ടുകളും പ്രയോഗങ്ങളുമെല്ലാം ഒരുപാടുണ്ടെങ്കിലും സ്വര്‍ണം ഇന്ന് വാങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.

2025ല്‍ റെക്കോഡ് നിരക്ക് സമ്മാനിച്ചാണ് സ്വര്‍ണം മുന്നേറിയത്. ഓരോ ദിവസവും ചരിത്ര നിരക്കുകള്‍ താണ്ടിയ സ്വര്‍ണം പിന്നീട് ചെറുതായൊന്ന് നിരക്ക് കുറച്ച് നമ്മെ മോഹിപ്പിച്ചു. എന്തായാലും ഇനി 2025ലെ വിലക്കയറ്റത്തെ കുറിച്ച് പറഞ്ഞ് വിഷമിക്കേണ്ട, 2026ല്‍ സ്വര്‍ണവില എവിടെയെത്തും എന്ന കാര്യം മാത്രമാണ് ഇനി അറിയേണ്ടത്. 2025 ലേത് പോലെ കുതിച്ചുയരുമോ അല്ലെങ്കില്‍ റെക്കോഡ് താഴ്ചയിലേക്ക് പോകുമോ എന്നെല്ലാം അറിയാനല്ലേ നിങ്ങളും കാത്തിരിക്കുന്നത്?

സ്വര്‍ണവില എങ്ങോട്ട്?

2025ല്‍ സംഭവിച്ചത് പോലെ തന്നെ 2026ലും വില കുതിച്ചുയരുമെന്ന് തന്നെയാണ് പ്രമുഖ ആഗോള ബാങ്കുകളുടെ വിലയിരുത്തല്‍. ഈ വര്‍ഷം 60 ശതമാനം വില വര്‍ധനവാണ് സംഭവിച്ചതെങ്കില്‍ അടുത്ത വര്‍ഷം അത് 5 മുതല്‍ 20 ശതമാനം വരെ ആയിരിക്കാം. കേന്ദ്രബാങ്കുകള്‍ അടുത്ത വര്‍ഷവും സ്വര്‍ണം വലിയ അളവില്‍ വാങ്ങിക്കും, പണപ്പെരുപ്പം ആശങ്ക പരത്തും, യുഎസ് സമ്പദ്വ്യവസ്ഥ മോശാവസ്ഥയില്‍ തുടരുമെന്നാല്ലാമാണ് വിദഗ്ധര്‍ പറയുന്നത്.

അടുത്ത വര്‍ഷം സ്വര്‍ണം ഔണ്‍സിന് 5,000 ഡോളര്‍ വരെ എത്താം. അതായത്, നിലവിലുള്ള വിലയേക്കാള്‍ 19 ശതമാനം വര്‍ധനവാണ് സംഭവിക്കാന്‍ പോകുന്നത്. ഇതിന് പ്രധാന കാരണമായി ബാങ്ക് ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത് യുഎസിലെ വര്‍ധിച്ചുവരുന്ന കമ്മിയും ട്രംപിന്റെ മാക്രോ നയങ്ങളുമാണ്.

2026ല്‍ സ്വര്‍ണവില 4,950 ഡോളറിലേക്ക് ഉയരുമെന്നാണ് ഡച്ച് ബാങ്ക് പ്രവചിക്കുന്നത്. ഇത്രയുമാണ് വര്‍ധിക്കുന്നതെങ്കില്‍ സംഭവിക്കുന്നത് 18 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ്. സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിച്ച് സ്ഥിരത കൈവരിച്ചതായും സാങ്കേതിക സൂചകങ്ങള്‍ പൊസിഷനിങ് തിരുത്തല്‍ പൂര്‍ത്തിയായെന്ന് കാണിക്കുന്നതായും ബാങ്ക് വ്യക്തമാക്കുന്നു.

2026 ന്റെ അവസാനത്തോടെ സ്വര്‍ണം ഔണ്‍സിന് 4,900 ഡോളറിലേക്ക് ഉയരാമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സിന്റെ ആഗോള കമ്മോഡിറ്റി ഗവേഷണ വിഭാഗം സഹമേധാവി ഡാന്‍ സ്ട്രൂവെല്‍ പറയുന്നത്. അടുത്ത വര്‍ഷം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഏകദേശം 75 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മറ്റ് കേന്ദ്രബാങ്കുകളും ഇതേ സ്ഥിതി തുടര്‍ന്നാല്‍ പിന്നെ സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല.

Also Read: Gold Rate: ഈ ആഴ്ച തന്നെ 1 ലക്ഷം കടക്കും; സ്വര്‍ണം എത്തിച്ചേരാന്‍ പോകുന്നത് റെക്കോഡ് ഉയരത്തില്‍

ലോകത്തിലെ പ്രമുഖ ബാങ്കുകള്‍ പറയുന്നത് അനുസരിച്ച് ഈയടുത്ത കാലത്തൊന്നും സ്വര്‍ണവില കുറയാന്‍ പോകുന്നില്ല. ഏറെ നാളായി സ്വര്‍ണം വാങ്ങിക്കണമെന്ന് ആഗ്രഹിക്കുകയാണ് നിങ്ങളെങ്കില്‍, എപ്പോഴാണ് ചെറുതായെങ്കിലും വില കുറയുന്നത് എന്ന് നോക്കി, ആ നിമിഷം പ്രയോജനപ്പെടുത്താം. വീണ്ടും പതിനായിരങ്ങളിലേക്ക് സ്വര്‍ണമില്ലെന്ന സൂചന ലഭിച്ചുകഴിഞ്ഞു. ഒന്നും രണ്ടും ലക്ഷങ്ങള്‍ താണ്ടാനുള്ള തിടുക്കത്തിലാണിപ്പോള്‍ സ്വര്‍ണം.