GST: ഭക്ഷ്യ-തുണിത്തരങ്ങള്‍ക്കെല്ലാം ജിഎസ്ടി ഇളവിന് സാധ്യത; നിര്‍ണായക യോഗം വൈകാതെ
GST Council Meeting September 2025: വസ്ത്രങ്ങള്‍ക്ക് അവയുടെ വില അനുസരിച്ച് അവ 5 ശതമാനം മുതല്‍ 12 ശതമാനം വരെ നികുതിയുണ്ട്. 1000 രൂപയോ അതില്‍ കുറവോ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടിയും അതിലും വിലയുള്ള വസ്ത്രങ്ങള്‍ക്ക് 12 ശതമാനം ജിഎസ്ടിയും ബാധകമാണ്.
ജിഎസ്ടി നിരക്കുകള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി കുറയ്ക്കുന്നതിനായി സെപ്റ്റംബര്‍ 3,4 തീയതികള്‍ പ്രത്യേക ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ചേരും. എല്ലാ ഭക്ഷ്യ, തുണിത്തര ഉത്പന്നങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് പൂര്‍ണമായും മാറുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വസ്ത്രങ്ങള്‍ക്ക് അവയുടെ വില അനുസരിച്ച് അവ 5 ശതമാനം മുതല്‍ 12 ശതമാനം വരെ നികുതിയുണ്ട്. 1000 രൂപയോ അതില്‍ കുറവോ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടിയും അതിലും വിലയുള്ള വസ്ത്രങ്ങള്‍ക്ക് 12 ശതമാനം ജിഎസ്ടിയും ബാധകമാണ്.
നിലവില്‍ ബ്രാന്‍ഡഡ്, പാക്ക് ചെയ്ത മധുര പലഹാരങ്ങള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി. ബ്രാന്‍ഡ് ചെയ്യാത്ത മധുര പലഹാരങ്ങള്‍ക്ക് 5 ശതമാനവുമാണ് ജിഎസ്ടി.




സിമന്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി പോലുള്ള അവശ്യ വസ്തുക്കളുടെയും ജിഎസ്ടി നിരക്കില്‍ കുറവ് വരുത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി ഇളവ് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുന്നത് തടയുമെന്നാണ് വിലയിരുത്തല്‍.
സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കും. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഭവന നിര്‍മാണത്തിന് ഉള്‍പ്പെടെ ഉപകാരപ്രദമാകും. പല നിര്‍മാതാക്കളും നികുതി ഭാരം ഉപഭോക്താക്കളുടെ മേല്‍ കെട്ടിവെക്കുന്നതാണ് പതിവ്. അതിനാല്‍ തന്നെ ജിഎസ്ടി ഇളവ് നല്‍കുന്നത് സാധാരണക്കാര്‍ക്ക് മുതല്‍ പണക്കാര്‍ക്ക് പോലും ഗുണം ചെയ്യും.
സിമന്റിന് മാത്രമല്ല സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ ഉള്‍പ്പടെയുള്ള ബഹുജന ഉപഭോഗ സേവനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാനും സാധ്യതയുണ്ട്. ചെറിയ സലൂണുകള്‍ മാത്രമാണ് നിലവില്‍ ജിഎസ്ടിയില്‍ നിന്ന് മുക്തമായിട്ടുള്ളത്. ഉയര്‍ന്ന വിഭാഗത്തിലുള്ള സലൂണുകളില്‍ നിന്നും 18 ശതമാനം ജിഎസ്ടി ഈടാക്കുന്നു. ഇത് 5 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം.
ഇന്‍ഷുറന്‍സുകളുടെ ജിഎസ്ടി കുറയ്ക്കുക എന്നത് ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ്. ടേം അഷ്വറന്‍സിലും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലും ജിഎസ്ടി ഉണ്ടായിരിക്കില്ല. എന്നാല്‍ നാല് മീറ്റര്‍ വരെ നീളമുള്ള ചെറിയ കാറുകള്‍ 18 ശതമാനം സ്ലാബിലും വലിയ കാറുകള്‍ 40 ശതമാനം സ്ലാബിലും തുടരും.