Senior Citizens Savings Account: സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് അക്കൗണ്ട് ആരംഭിച്ചാലോ? എന്തെല്ലാം ചെയ്യണമെന്ന് നോക്കൂ
How To Open Senior Citizen Savings Account: 2004ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 5 വര്‍ഷമാണ് പദ്ധതി കാലാവധി. അതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്.

പ്രതീകാത്മക ചിത്രം
പ്രായമാകുന്നതിന് അനുസരിച്ച് സാമ്പത്തിക സ്ഥിരത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതായി തിരഞ്ഞെടുക്കാവുന്ന പദ്ധതികളില്‍ ഒന്നാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. 60 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയാണിത്. സാധാരണ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ പദ്ധതി ഒരു വിരമിക്കല്‍ സാമ്പത്തിക സുരക്ഷാ വലയമായി പ്രവര്‍ത്തിക്കുന്നു.
ഉയര്‍ന്ന പലിശ നിരക്കുകള്‍, പ്രത്യേക ബാങ്ക് ആനുകൂല്യങ്ങള്‍, സ്ഥിരമായ വരുമാനം എന്നിവയാണ് ഈ പദ്ധതിയുടെ പ്രത്യേകതകള്‍. 2004ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 5 വര്‍ഷമാണ് പദ്ധതി കാലാവധി. അതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്.
55നും 59നും ഇടയില്‍ പ്രായമുള്ള വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം അല്ലെങ്കില്‍ സൂപ്പര്‍ആനുവേഷന്‍ തിരഞ്ഞെടുത്തിട്ടുള്ള നേരത്തെ വിരമിച്ചവര്‍ക്കും, 50നും 59നും ഇടയില്‍ പ്രായമുള്ള വിരമിച്ച പ്രതിരോധ സേന ഉദ്യോഗസ്ഥര്‍ക്കും സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ ഭാഗമാകാവുന്നതാണ്.
എങ്ങനെ അക്കൗണ്ട് ആരംഭിക്കാം?
പദ്ധതിയുടെ ഭാഗമാകുന്നതിനായി തൊട്ടടുത്ത അംഗീകൃത ബാങ്ക് ശാഖയില്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രായം തെളിയിക്കുന്ന രേഖകള്‍, വിലാസം തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാന്‍ കാര്‍ഡ് എന്നിവ ആവശ്യമാണ്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നല്‍കിയ ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, എന്‍ആര്‍ഇജിഎ നല്‍കിയ തൊഴില്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
Also Read: Demat Account: ഓഹരി വിപണിയില്‍ കടക്കാന്‍ ഡീമാറ്റ് അക്കൗണ്ട് വേണം; എങ്ങനെ ആരംഭിക്കാം
വിലാസം തെളിയിക്കുന്നതിനായി വൈദ്യുതി ബില്ലുകള്‍, ടെലിഫോണ്‍ ബില്ലുകള്‍ പോലുള്ളവും ഉപയോഗിക്കാം. പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് പോലുള്ളവയും ആവശ്യമാണ്. അപേക്ഷ ഫോമും ആവശ്യമായ രേഖകളും സമര്‍പ്പിക്കുന്നതിനൊപ്പം 500 രൂപ മുതല്‍ 5,000 രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കുകയും വേണം.