Israel-Iran Conflict: യുദ്ധം മധ്യേഷ്യയിലാണെങ്കിലും വിലക്കൂടുതല്‍ അത് നമ്മളെ ബാധിക്കും; ഇവയൊന്ന് നോക്കിവെച്ചോളൂ
How Will The Israel-Iran Conflict Affect India: നമ്മുടെ രാജ്യത്തിന്റെ പണപ്പെരുപ്പ കണക്കുകള്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പണപ്പെരുപ്പത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് കൊണ്ടായിരുന്നു ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതും. എന്നാല്‍ യുദ്ധം നമുക്ക് സമ്മാനിക്കുന്നത് വില വര്‍ധനവാണ്.

ഇസ്രായേലില്‍ നിന്നുള്ള ദൃശ്യം
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരിക്കലും ബാധിക്കാന്‍ പോകുന്നത് ആ രാജ്യങ്ങളെ മാത്രമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ഇസ്രായേല്‍ ആകട്ടെ പ്രതിരോധ മേഖലയിലെ കരുത്തനും. അതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നമ്മുടെ രാജ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് നോക്കിയാലോ?
യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും?
നമ്മുടെ രാജ്യത്തിന്റെ പണപ്പെരുപ്പ കണക്കുകള്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പണപ്പെരുപ്പത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് കൊണ്ടായിരുന്നു ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതും. എന്നാല്‍ യുദ്ധം നമുക്ക് സമ്മാനിക്കുന്നത് വില വര്‍ധനവാണ്. വില വര്‍ധിക്കുന്നത് സ്വാഭാവികമായും പണപ്പെരുപ്പത്തെ പ്രതികൂലമായി ബാധിക്കും.
എണ്ണവില വര്‍ധിക്കുന്നു
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ എണ്ണവില പിടിവിട്ട പോക്കാണ് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കലവറയാണ് ഇറാന്‍. ഇസ്രായേല്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഇറാന്റെ എണ്ണസംഭരണശാലകളെയാണ്. ഇത് തീര്‍ച്ചയായും വിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
നമ്മുടെ രാജ്യം 85 ശതമാനത്തോളമാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇറാനില്‍ നിന്ന് വലിയ അളവില്‍ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും വില വര്‍ധനവ് ഭീഷണിയുയര്‍ത്തുന്നുണ്ട്. എണ്ണവില കുറഞ്ഞത് തന്നെയായിരുന്നു പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നമ്മുടെ രാജ്യത്തെ പ്രധാനമായും സഹായിച്ചിരുന്നത്.
യുദ്ധം ആരംഭിച്ചതിന് ശേഷം 12 ശതമാനമത്തോളമാണ് എണ്ണവില വര്‍ധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 75 ഡോളറും, ഡബ്ലുടിഐ ക്രൂഡ് ഓയില്‍ ബാരലിന് 73.42 ഡോളറും പിന്നിട്ടു. ഇന്ത്യയുടെ മുഖ്യ വ്യാപാര പങ്കാളിയാണ് റഷ്യ. അതിനാല്‍ തന്നെ റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതും നമ്മുടെ രാജ്യത്തിന് ഭീഷണിയാണ്.
ഇറാനില്‍ നിന്ന് എന്തെല്ലാം
ഇറാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് 43 മില്യണ്‍ ഡോളറും കയറ്റുമതി ചെയ്യുന്നത് 130 മില്യണ്‍ ഡോളറുമാണെന്നാണ് 2025 മാര്‍ച്ചിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
- ഗം, റെസിനുകള്‍, ലാക്‌സ് പോലുള്ള സസ്യ ഉത്പന്നങ്ങള്‍
- ഇരുമ്പ്, ഉരുക്ക്
- പ്ലാസ്റ്റിക്ക്
- ഉപ്പ്, സള്‍ഫര്‍, കളിമണ്ണ്, കല്ല്, പ്ലാസ്റ്റര്‍, കുമ്മായം, സിമന്റ്
- ധാതു ഉത്പന്നങ്ങള്‍, എണ്ണകള്‍
- ഭക്ഷ്യയോഗ്യമായ പഴങ്ങള്‍, പരിപ്പ്
- ജൈവ രാസ വസ്തുക്കള്‍
എന്നിവയാണ് നമ്മള്‍ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
ഇസ്രായേലിനെ ആശ്രയിക്കുന്നുണ്ടോ?
ഇസ്രായേലിന്റെ ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നമ്മുടെ രാജ്യം.
- ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച ഉപകരണങ്ങള്‍
- ജൈവ രാസവസ്തുക്കള്‍
- മുത്തുകള്‍, കല്ലുകള്‍, ലോഹങ്ങള്‍, നാണയങ്ങള്‍
- അലുമിനിയം, രാസ ഉത്പന്നങ്ങള്‍
- മെഷീനറികള്‍, ന്യൂക്ലിയര്‍ റിയാക്ടറുകള്‍, ബോയിലറുകള്‍
- വളം
- ഒപ്റ്റിക്കല്‍ ഫോട്ടോ, സാങ്കേതിക, മെഡിക്കല്‍ ഉപകരണങ്ങള്‍
- ആയുധങ്ങള്‍
- ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍
പ്രധാനമായും ഇവയാണ് ഇന്ത്യ ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവയ്‌ക്കെല്ലാം വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.