12th Pay Commission: തെരഞ്ഞെടുപ്പിന് മുമ്പ് ശമ്പള പരിഷ്‌കരണം; 12ാം ശമ്പളക്കമ്മീഷന്‍ വരുന്നോ?
Kerala 12th Pay Commission Appointment: നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്താന്‍ പോകുന്ന പ്രഖ്യാപനങ്ങളില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധന, ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം, ക്ഷേമ പെന്‍ഷന്‍ വര്‍ധന, ഡിഎ കുടിശികയുടെ ഒരു പങ്ക് എന്നിവയുണ്ടാകാനാണ് സാധ്യത.

പ്രതീകാത്മക ചിത്രം
ഏറെ നാളായി സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് 12ാം ശമ്പളക്കമ്മീഷന്‍, എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി അതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് 12ാം ശമ്പളക്കമ്മീഷന്‍ നിയമനം സാധ്യമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാര്‍ ജീനക്കാര്‍, സര്‍വീസ് ക്ഷേമ പെന്‍ഷന്‍കാര്‍, വിവിധ മേഖലകളിലെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്താന്‍ പോകുന്ന പ്രഖ്യാപനങ്ങളില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധന, ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം, ക്ഷേമ പെന്‍ഷന്‍ വര്‍ധന, ഡിഎ കുടിശികയുടെ ഒരു പങ്ക് എന്നിവയുണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതിയും മറ്റ് വിവരങ്ങളും പ്രഖ്യാപിക്കുകയും ചെയ്‌തേക്കാം.
മുള്‍മുനയില്‍ സര്‍ക്കാര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ഏതാനും നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ നാളിതുവരെ ശമ്പപരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ-ഭരണ സര്‍വീസ് സംഘടനകള്‍ ഇക്കാര്യത്തിലുള്ള അമര്‍ഷം സര്‍ക്കാരിനെ നേരിട്ട് ബോധിപ്പിക്കാറുമുണ്ട്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ (പ്രതീക്ഷകള്‍)
1.12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വേഗത്തില്‍ തന്നെ റിപ്പോര്‍ട്ട് വാങ്ങി നിയമനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കാം.
2. ക്ഷേമ പെന്‍ഷന്‍ 1,600 രൂപയില്‍ നിന്ന് 2,000 രൂപയിലേക്ക് ഉയര്‍ത്താനാണ് സാധ്യത. ഇതിന് പുറമെ ഒരു മാസത്തെ കുടിശികയും നല്‍കിയേക്കും.
3. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 17 ശതമാനം ഡിഎ കുടിശികയാണ് നിലവിലുള്ളത്. ഇതില്‍ 4 ശതമാനം, അതായത് 2023 ജനുവരിയില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന കുടിശിക അനുവദിക്കാം.
4. കൂടാതെ ജീവനക്കാരുടെ കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശികയില്‍ രണ്ട് ഗഡുക്കള്‍ ഇപ്പോഴും ബാക്കിയാണ്. ഇത് പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്ന തീയതി പ്രഖ്യാപിക്കാനിടയുണ്ട്.
5. ശമ്പളത്തിന്റെ പകുതിയെങ്കിലും പെന്‍ഷനായി ലഭിക്കുന്ന അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായേക്കാം.
6. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയവും ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
7. ഭിന്നശേഷി സംവരണം വ്യവസ്ഥകള്‍ക്ക് അനുസൃതമായുള്ള എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ പ്രതിസന്ധികളും പരിഹരിക്കപ്പെടും.