5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Car Buying Guide: ഫിനാൻഷ്യലി സ്മാർട്ട് ആയതിന് ശേഷം ഡ്രീം കാർ എങ്ങനെ സ്വന്തമാക്കാം; ബാധ്യത ആകാതെ കാർ വാങ്ങിക്കാനുള്ള വഴികൾ

Car Buying Tips In Malayalam: ഇടയ്ക്കിടെ ഉള്ള പണികള്‍ വരുന്നത്, ഇന്ധന ചെലവ് തുടങ്ങിയ പല കാര്യങ്ങള്‍ നമ്മളെ വല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചേക്കാം. ഇതാണ് കാര്‍ ഒരു ബാധ്യത ആണെന്ന് സാമ്പത്തിക വിദഗ്ധര്‍ വരെ പറയുന്നതിന് കാരണം. പക്ഷേ ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ ഒരു കാറില്ലാതെ പറ്റുകയുമില്ല

Car Buying Guide: ഫിനാൻഷ്യലി സ്മാർട്ട് ആയതിന് ശേഷം ഡ്രീം കാർ എങ്ങനെ സ്വന്തമാക്കാം; ബാധ്യത ആകാതെ കാർ വാങ്ങിക്കാനുള്ള വഴികൾ
shiji-mk
SHIJI M K | Updated On: 23 Sep 2024 18:08 PM

ഫിനാന്‍ഷ്യലി സ്മാര്‍ട്ട് ആയതിന് ശേഷം ഒരു കാര്‍ വാങ്ങിക്കുന്നത് (Buying Car in Malayalam) എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു കാര്‍ സ്വന്തമാക്കണം എന്നത് പലരുടെയും ഏറെ നാളത്തെ സ്വപ്നം ആയിരിക്കും. കാര്‍ എന്നത് ഒരു ബാധ്യത ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതിന് കാരണം കാറിന്റെ മൂല്യം കൂടുന്നില്ല, ഒരു ഫോണ്‍ വാങ്ങിക്കുന്ന ലാഘവത്തില്‍ ഒരിക്കലും കാര്‍ വാങ്ങിക്കാന്‍ സാധിക്കില്ല. ഇടയ്ക്കിടെ ഉള്ള പണികള്‍ വരുന്നത്, ഇന്ധന ചെലവ് തുടങ്ങിയ പല കാര്യങ്ങള്‍ നമ്മളെ വല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചേക്കാം. ഇതാണ് കാര്‍ ഒരു ബാധ്യത ആണെന്ന് സാമ്പത്തിക വിദഗ്ധര്‍ വരെ പറയുന്നതിന് കാരണം. പക്ഷേ ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ ഒരു കാറില്ലാതെ പറ്റുകയുമില്ല. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കാതെ ഒരു കാര്‍ എങ്ങനെ വാങ്ങിക്കാം എന്ന് നോക്കാം.

കാര്‍ ലോണെടുക്കുന്നത് ശരിയായ നടപടിയാണോ?

നമ്മള്‍ കാര്‍ വാങ്ങിക്കാന്‍ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഒരു പക്ഷെ ഒരു ലക്ഷം അല്ലെങ്കില്‍ രണ്ട് ലക്ഷം രൂപ നമ്മുടെ കൈവശം ഉണ്ടായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാറിന്റെ ഷോ റൂം വിലയുടെ 100 ശതമാനവും ലോണ്‍ കൊടുക്കുന്ന കമ്പനികള്‍ ഉണ്ട്. ആര്‍ടിഒ ഫീ, റോഡ് ടാക്‌സ് തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രം പണം ചെലവഴിച്ചാല്‍ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പക്ഷേ ഇങ്ങനെ ലോണ്‍ എടുക്കാനായി പോയി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന് വെച്ചാല്‍, കാര്‍ വാങ്ങിക്കുക എന്നത് ഒരു പ്രോഡക്ട് നമ്മള്‍ സ്വന്തമാക്കുക എന്ന് മാത്രമല്ല, അതിനെ അനുഭവിക്കുക എന്നതിന് ആയിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. ഒരു കാര്‍ വാങ്ങിക്കുന്നു, അത് വാങ്ങിയതിന് ശേഷം ലഭിക്കുന്ന അപ്പോഴത്തെ സംതൃപ്തിക്ക് അല്ല നമ്മള്‍ പണം ചെലവഴിക്കേണ്ടത്. പകരം അത് ഉപയോഗിക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ നിറവേറുന്നുണ്ടോ തുടങ്ങിയ പല കാര്യങ്ങള്‍ക്കായാണ്. നല്ല വില കൊടുത്ത് വാങ്ങിയ കാര്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല എങ്കില്‍ നമുക്ക് അത് ഒരിക്കലും സന്തോഷം നല്‍കില്ല.

Also Read: Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

ഒരു ലക്ഷം അല്ലെങ്കില്‍ അതില്‍ കുറവ് ഡൗണ്‍ പേയ്‌മെന്റില്‍ നമുക്ക് നല്ലൊരു കാര്‍ വാങ്ങിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ 25,000 രൂപ ശമ്പളം വാങ്ങിക്കുന്ന ഒരാള്‍ക്ക് 7 വര്‍ഷത്തേക്ക് എങ്കിലും 15,000 രൂപയോളം ഇഎംഐ അടയ്‌ക്കേണ്ടതായി വരും. ഇത് അയാള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും വലിയ സംഖ്യ ആയിരിക്കും. കാര്‍ വില്‍ക്കേണ്ട സമയം ആകുമ്പോഴായിരിലും ഇഎംഐ പൂര്‍ണമായി അവസാനിക്കുന്നതും.

ഇഎംഐ അടയ്ക്കുന്നതിന് പുറമേ, ഇന്ധനം, വാഹനത്തിന്റെ അറ്റകുറ്റപണികള്‍, ഇന്‍ഷൂറന്‍സ് എന്നിവയ്ക്കും കാര്‍ ഉടമകള്‍ നല്ലൊരു സംഖ്യ ചെലവഴിക്കേണ്ടതായി വരും. കാര്‍ ലോണ്‍ എടുക്കുക്കേണ്ട സാഹചര്യം ഉണ്ടായാലും ഇത്രയും വലിയ തുക ലോണ്‍ എടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. വലിയ തുക ലോണ്‍ എടുക്കുന്നത് കാറൊരു ബാധ്യതയായി മാറാന്‍ വഴിവെക്കും.

20/4/10 റൂള്‍

ഇതിനെ മറികടക്കാന്‍ പറയുന്നൊരു രീതി 20/4/10 എന്ന റൂള്‍ ആണ്. ഇതില്‍ 20 എന്ന് പറയുന്നത് കാറിന്റെ ഓണ്‍ റോഡ് വിലയുടെ 20 ശതമാനം എങ്കിലും നിങ്ങളുടെ കയ്യില്‍ ഡൗണ്‍ പേയ്‌മെന്റ് ഉണ്ടായിരിക്കണം എന്നാണ്. ഇത് മിനിമം ആണ് മാക്‌സിമം എത്ര രൂപ വേണമെങ്കിലും നിങ്ങള്‍ക്ക് ഡൗണ്‍ പേയ്‌മെന്റ് അടയ്ക്കാവുന്നതാണ്. ഇങ്ങനെ അടയ്ക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. 4 എന്ന് പറയുന്നത് നാല് മുതല്‍ അഞ്ച് വര്‍ഷത്തിന് പുറത്തേക്ക് ഇഎംഐ ഉണ്ടായിരിക്കരുത്. ഇഎംഐ എത്രയും വേഗം അടച്ച് തീര്‍ക്കുന്നതാണ് നല്ലത്. 10 എന്ന് പറയുന്നത് നിങ്ങളുടെ മാസ വരുമാനത്തിന്റെ 10 ശതമാനം മാത്രമേ കാറിന്റെ ഇഎംഐ ആയി അടയ്ക്കാന്‍ പാടുള്ളൂ എന്നാണ്. എന്നാല്‍ മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഇല്ലാത്ത ഒരാള്‍ക്ക് 30 മുതല്‍ 35 ശതമാനം വരെ ഇഎംഐ ഇടാവുന്നതാണ്. ഈയൊരു ഫോര്‍മുല സ്വീകരിച്ചുകൊണ്ട് കാര്‍ വാങ്ങിക്കുന്നത്, വാഹനം ഒരു ബാധ്യത ആകുന്നതില്‍ നിന്ന് നിങ്ങളെ രക്ഷപെടുത്തും.

ടോപ് മോഡലുകള്‍ക്ക് പിന്നാലെ പോകണോ?

കാര്‍ കമ്പനികള്‍ ആളുകളെ വീഴ്ത്താന്‍ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ടോപ് മോഡലുകള്‍ക്ക് വേണ്ടി ആളുകളെ നിര്‍ബന്ധിക്കുക എന്നത്. നിങ്ങളുടെ കയ്യില്‍ കാര്‍ വങ്ങിക്കുന്നതിനായി 10 ലക്ഷം രൂപയുണ്ട്, അല്ലെങ്കില്‍ ലോണ്‍ മുഖേന ആണെങ്കിലും 10 ലക്ഷം രൂപ ചെലവഴിക്കാന്‍ നിങ്ങള്‍ തയറാണെങ്കില്‍, സാധിക്കുമെങ്കില്‍ 8 ലക്ഷം രൂപയുടെ വാഹനം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. കാറിന്റെ വില്‍പന നടക്കാനായി പല ഫീചറുകളും ഉണ്ടെന്ന് കമ്പനി അവകാശപ്പെടും. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ഒരിക്കല്‍ മാത്രം നമ്മള്‍ ഉപയോഗിക്കുന്നവ ആകും. 10 ലക്ഷം രൂപ കാറിനായി ചെലവഴിക്കാന്‍ തയാറായിട്ടുള്ള ആളുകള്‍ എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്, കുറച്ച് പണം കൂടി മുടക്കിയാല്‍ ഇതിലും നല്ല കാര്‍ ലഭിക്കില്ലേ എന്നത്. ബജറ്റ് ലിമിറ്റ് ചെയ്യുന്നതിന് പകരം അത് ഇരട്ടിയാക്കാന്‍ ആണ് പലരും ശ്രമിക്കുക. നമുക്ക് നല്ലൊരു കാര്‍ വാങ്ങിക്കാന്‍ ആഗ്രഹം ഉണ്ടായിരിക്കും. എന്നാല്‍ ആവശ്യമില്ലാതെ ഇഎംഐ വര്‍ധിപ്പിക്കുന്നത് നമ്മളെ ബുദ്ധിമുട്ടിക്കും. ഇഎംഐ തുക വര്‍ധിപ്പിച്ച് വലിയ വാഹനം വാങ്ങിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഡീലര്‍മാരുടെ ട്രാപ്പില്‍ വീഴാതിരിക്കുക എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതിന് പകരം, ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ 80 ശതമാനം മാത്രമേ കാര്‍ വാങ്ങിക്കാന്‍ ഉപയോഗിക്കൂ എന്ന് തീരുമാനിക്കുകയാണ് വേണ്ടത്. ബാക്കി വരുന്ന തുക കാറുമായി ബന്ധപ്പെട്ട് വരുന്ന ആവശ്യങ്ങള്‍ക്ക് ആയി മാറ്റിവെക്കാം.

കാറിനുള്ള ഡിസ്‌കൗണ്ടുകള്‍ എപ്രകാരം?

പല ഷോ റൂമുകളും അവകാശപ്പെടുന്ന കാര്യമാണ് അവര്‍ ഡിസ്‌കൗണ്ട് നല്‍കുന്നു എന്നത്. ഇത് പലപ്പോഴും വെറുതെ പറയുന്നതും ആകാറുണ്ട്. പല നിര്‍മാതാക്കളും ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന സമയം ഉണ്ട്. അതില്‍ ഒന്ന് ഡിസംബര്‍ ആണ്, ഉദാഹരണത്തിന് 2023 അവസാന ബാച്ച് മോഡല്‍ വാഹനങ്ങള്‍ വില്‍ക്കാതെ വരുമ്പോള്‍, ഇവയ്ക്ക് കമ്പനികള്‍ ഓഫര്‍ നല്‍കും. അതിന് കാരണം ആ മോഡലുകള്‍ വിറ്റ് പോകണം എന്നതാണ്. 2023 ഡിസംബറില്‍ ഉണ്ടാക്കിയ മോഡലും 2024 ജനുവരിയില്‍ ഉണ്ടാക്കിയ മോഡലും തമ്മില്‍ യഥാര്‍ഥത്തില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല. എന്നിരുന്നാലും പലരും അത് വാങ്ങിക്കാന്‍ മടിക്കും. സ്റ്റിക്കര്‍, കളര്‍ എന്നിവയില്‍ മാത്രമാണ് വാഹനങ്ങളില്‍ മാറ്റം വരുന്നത്. പക്ഷേ ഈ വര്‍ഷങ്ങളുടെ കണക്ക് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. പഴയ വണ്ടി ആണല്ലോ ഇത് എന്ന തോന്നലാണ്, പക്ഷെ വെറും ഒരു മാസത്തെ വ്യത്യാസം മാത്രമായിരിക്കും ഈ രണ്ട് വാഹനങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കുക. കാര്‍ വാങ്ങിക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ മാസം നല്ലൊരു ഓപ്ഷന്‍ ആണ്. നിങ്ങള്‍ ഇപ്പോള്‍ കാര്‍ വാങ്ങിക്കാന്‍ പോകുന്നത് 2025 ജനുവരിയില്‍ ആണെങ്കില്‍ 2024 ഡിസംബറില്‍ നിര്‍മിച്ച കാറുകള്‍ ഓഫര്‍ വിലയില്‍ ലഭിക്കും. ഇവ വാങ്ങിക്കുന്നത് നല്ലൊരു ഓപ്ഷനാണ്.

ഡിസ്‌കൗണ്ട് ലഭിക്കുന്ന മറ്റ് മാസങ്ങള്‍ ആണ് മാര്‍ച്ച്, ഏപ്രില്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ആയതുകൊണ്ട് എല്ലാ ഷോ റൂമുകാരും അവരുടെ വാഹന വില്‍പ്പനയുടെ നമ്പറുകള്‍ ഉയര്‍ത്തുന്നതിനായി കാറുകള്‍ക്ക് ഓഫര്‍ നല്‍കും. ഈ സമയത്ത് കാര്‍ വാങ്ങിക്കുന്നതും നല്ലതാണ്. ഈ മാസങ്ങളില്‍ എല്ലാം ഡിസ്‌കൗണ്ട് മാത്രമല്ല ഒരുപാട് കാര്‍ ആക്സസറികളും കമ്പനി സൗജന്യമായി നല്‍കുന്നതാണ്.

ടെസ്റ്റ് ഡ്രൈവ് മോഡലുകളാണ് മറ്റൊരു നല്ല ഓപ്ഷന്‍. ഇങ്ങനെയുള്ള ടെസ്റ്റ് ഡ്രൈവ് മോഡലുകള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ വില്‍ക്കും. ഇങ്ങനത്തെ മോഡലുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടുകളാണ് കമ്പനി നല്‍കുന്നത്. പക്ഷേ ഇത് കാണുമ്പോള്‍ ആളുകള്‍ക്ക് ഒരു പേടിയാണ്, ഓടിക്കാന്‍ അറിയാത്തവര്‍ ഓടിച്ചിട്ട് ഉണ്ടാകും അല്ലെങ്കില്‍ ഒരുപാട് പേര് ഉപയോഗിച്ചത് കൊണ്ട് ഡാമേജ് സംഭവിച്ചിട്ട് ഉണ്ടാകും, അങ്ങനെ തുടങ്ങി പലതും ആളുകളുടെ മനസ്സിലേക്ക് എത്തും. പക്ഷേ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന സമയത്ത് ഒട്ടുമിക്ക ആളുകളും അല്‍പ്പം പേടിച്ചിട്ട് ആയിരിക്കും ഈ വാഹനം എടുക്കുന്നത്. കേടുപാട് സംഭവിക്കാന്‍ പാടില്ല എന്ന ചിന്ത എല്ലാവര്‍ക്കും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ആളുകള്‍ ഉപയോഗിച്ചിട്ട് വാഹനത്തിന് കേടുപാട് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ ടെസ്റ്റ് ഡ്രൈവ് വണ്ടികള്‍ കാണിച്ച് കച്ചവടം നടത്തേണ്ടതുള്ളത് കൊണ്ട് തന്നെ ഷോ റൂമുകാര്‍ എപ്പോഴും സര്‍വീസ് ചെയ്ത് പെര്‍ഫെക്ട് ആയിട്ട് ആയിരിക്കും വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. ഇങ്ങനെ ടെസ്റ്റ് ഡ്രൈവ് വാഹനങ്ങള്‍ വാങ്ങിക്കുന്നതും നമുക്ക് ഗുണം ചെയ്യും.

കാര്‍ വാങ്ങിക്കുന്നതോടെ ജോലി തീരുന്നില്ല. ഇഷ്ടപ്പെട്ട കാര്‍ ലോണ്‍ ഒക്കെ ഇട്ട് വാങ്ങിക്കും, പക്ഷെ കാറിന് വരുന്ന പണ ചെലവ് ഓര്‍ത്ത് കാര്‍ ഓടിക്കുന്നില്ല എങ്കിലും പ്രശ്‌നമാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് നമുക്ക് താങ്ങുന്നതിലും കൂടുതല്‍ തുക മുടക്കി കാര്‍ വാങ്ങിക്കരുത് എന്ന് പറയുന്നത്.

Also Read: Savings account deposit: സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്ര? പത്ത് ലക്ഷം കവിഞ്ഞാൽ എന്തുചെയ്യും?

കാര്‍ വാങ്ങിച്ചതിന് ശേഷമുള്ള ചെലവുകള്‍

ഒരു കാര്‍ വാങ്ങിച്ചതിന് ശേഷം നമുക്ക് വരുന്ന മൂന്ന് ചെലവുകള്‍, ഇന്ധനം, മെയിന്റനന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയാണ്. ഫുള്‍ കവറേജ് ഇന്‍ഷുറന്‍സ് എടുത്ത് വെക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം എന്തെങ്കിലും ചെറിയ കേടുപാടുകള്‍ ഉണ്ടായാല്‍ തന്നെ നമുക്ക് അത് പെട്ടെന്ന് പരിഹരിക്കാം. ഒരു വര്‍ഷത്തേക്ക് കാറിന് വരുന്ന ചെലവ് എത്രയാണെന്ന് കണക്ക് കൂട്ടാം, പക്ഷെ ഇന്ധന ചെലവ് ഇതില്‍ ഉള്‍പ്പെടുത്തേണ്ട കാര്യം ഇല്ല. ഇന്‍ഷുറന്‍സിനും മെയിന്റനന്‍സിനും 20,000 രൂപയെ ഒരു വര്‍ഷം ആകുന്നുള്ളൂ എങ്കില്‍, ആ തുക ബാങ്കില്‍ നിക്ഷേപിച്ചോ ആര്‍ഡി വഴിയോ ഉണ്ടാക്കാം. ഈ തുക ചെലവ് വരുന്നുണ്ട് എന്ന് മനസ്സിലാക്കിയ ശേഷം ആയിരിക്കണം കാറിന് ഇഎംഐ ഇടേണ്ടത്.

കാര്‍ വാങ്ങിക്കുന്നതിന് മുമ്പുള്ള സമയം ചലവുകള്‍ക്കായി മാറ്റി വെക്കാം. കാര്‍ വാങ്ങിക്കുന്നതിന് മുമ്പ് ഒരു 5000 രൂപ ആര്‍ഡിയായി തുടങ്ങിയിടാം. ആര്‍ഡി തുക നിങ്ങളുടെ ശമ്പളം അനുസരിച്ച് മാറ്റാവുന്നതാണ്. കാര്‍ വാങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ഇങ്ങനെ പണം നിക്ഷേപിച്ച് തുടങ്ങുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മനസിലാക്കാനും സഹായിക്കും. അതിന് സാധിക്കുന്നില്ല എന്ന് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാര്‍ വാങ്ങിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല എന്ന് മനസ്സിലാക്കാം. സാലറിക്കുള്ളില്‍ വെച്ച് ഇഎംഐ, സര്‍വീസ് ചാര്‍ജ് എന്നിവയ്ക്ക് പണം കണ്ടെത്താന്‍ കഴിയും എന്ന് ഉറപ്പ് ഉണ്ടെങ്കില്‍ മാത്രം മുന്നോട്ട് പോകാം, ഇല്ലെങ്കില്‍ മറ്റൊരു തവണത്തേക്ക് കാര്‍ മോഹം മാറ്റിവെക്കാം.

Latest News