New LIC Policies: കുറഞ്ഞ നിരക്കില്‍ പുത്തന്‍ പോളിസികള്‍; എല്‍ഐസി എടുക്കാന്‍ വേറെന്ത് കാരണം വേണം?
LIC New Schemes 2025: സമ്പാദ്യത്തോടൊപ്പം പരിരക്ഷയും ഈ പോളിസികള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പോളിസികളുടെ ഭാഗമാകുന്നതിനുള്ള യോഗ്യത, ഇന്‍ഷുറന്‍സ് തുക, പ്രീമിയങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരം താഴെ കൊടുത്തിരിക്കുന്നു.

പ്രതീകാത്മക ചിത്രം
കുറഞ്ഞ നിരക്കില്‍ ലൈഫ് കവര്‍ നല്‍കുന്ന ഇന്‍ഷുറന്‍സുകള്‍ അവതരിപ്പിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). പ്രൊട്ടക്ഷന്‍ പ്ലസ്, ബീമ കവച് എന്നിവയാണവ. സമ്പാദ്യത്തോടൊപ്പം പരിരക്ഷയും ഈ പോളിസികള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പോളിസികളുടെ ഭാഗമാകുന്നതിനുള്ള യോഗ്യത, ഇന്‍ഷുറന്‍സ് തുക, പ്രീമിയങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരം താഴെ കൊടുത്തിരിക്കുന്നു.
എല്‍ഐസി പ്രൊട്ടക്ഷന്‍ പ്ലസ്
എല്‍ഐസി പുതുതായി അവതരിപ്പിച്ച പ്രൊട്ടക്ഷന്‍ പ്ലസ് എന്നത് വ്യക്തികള്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന ഒരു നോണ്‍ പാര്‍ട്ടിപ്പേറ്റിങ്, ലിങ്ക്ഡ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയും അതോടൊപ്പം സമ്പാദ്യവും പോളിസി വാഗ്ദാനം ചെയ്യുന്നു.
പോളിസി ഉടമകള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ പ്രീമിയം തുക തിരഞ്ഞെടുക്കാനും, സംഅഷ്വേര്‍ഡ് ക്രമീകരിക്കാനും, അധിക ടോപ്പ് അപ്പ് പ്രീമിയം പേയ്‌മെന്റുകള്‍ നടത്താനും ഈ പദ്ധതി അനുവദിക്കുന്നു. പോളിസി ആരംഭിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഭാഗികമായി പിന്‍വലിക്കലുകള്‍ നടത്താനുമാകും. 18 വയസ് മുതല്‍ 65 വയസ് വരെ ഉള്ളവര്‍ക്കാണ് പോളിസിയില്‍ ചേരാനാകുക.
പ്രീമിയം വിശദാംശങ്ങള്‍
10,15,20,25 വര്‍ഷത്തെ കാലാവധിയുടെ പോളിസികള്‍ക്ക് 5,7,10,15 വര്‍ഷത്തെ പ്രീമിയം ടേമുകള്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ പ്രീമിയം പിപിടിയെയും പേയ്‌മെന്റ് രീതിയെയും ആശ്രയിച്ചിരിക്കും. എന്നാല്‍ പരമാവധി പ്രീമിയത്തിന് പരിധിയില്ല.
എല്‍ഐസി ബീമ കവച് പ്ലാന്‍
ബീമ കവച് പ്ലാന്‍ എന്നത് ഒരു നോണ്‍ പാര്‍സിപ്പേറ്റിങ്, നോണ്‍ ലിങ്ക്ഡ്, വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. പൂര്‍ണമായും റിസ്‌ക് പരിരക്ഷ നല്‍കാനും ഈ പദ്ധതിയ്ക്ക് സാധിക്കും. പോളിസി കാലയളവില്‍ ഉടമ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും പോളിസി സഹായിക്കും.
രണ്ട് തരത്തിലുള്ള മരണ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാം. ഒന്ന് നിശ്ചിത ലെവല്‍ സംഅഷ്വേര്‍ഡ് മറ്റൊന്ന് കാലക്രമേണ വളരുന്ന ഇന്‍ക്രിസിങ് സംഅഷ്വേര്‍ഡ്. 18 വയസ് മുതല്‍ 65 വയസ് വരെയാണ് ഈ പോളിസിയുടെയും പ്രായ പരിധി.
പ്രീമിയം വിശദാംശങ്ങള്‍
പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകള്‍ സിംഗിള്‍ പ്രീമിയം, ലിമിറ്റഡ് പ്രീമിയം, റെഗുലര്‍ പേയ്‌മെന്റ് എന്നിങ്ങനെയാണ്. പ്രീമിയം പേയ്‌മെന്റിനായി തിരഞ്ഞെടുത്ത ഓപ്ഷന്‍ അനുസരിച്ചായിരിക്കും ഏറ്റവും കുറഞ്ഞ പോളിസി കാലാവധി. ഒറ്റ പ്രീമിയത്തിന് 10 വര്‍ഷമാണിത്. ലിമിറ്റഡ് പ്രീമിയത്തിന് ഇത് യഥാക്രമം 5,10,15 വര്‍ഷമാണ്, കൂടാതെ 10,15,20 എന്നിങ്ങനെയുമുണ്ട്. റെഗുലര്‍ പ്രീമിയത്തിന് 10 വര്‍ഷമാണ്.