Post Office Monthly Income Scheme: കൈയ്യിലുള്ള പണം വെറുതെ കളയേണ്ട; മാസം 16,650 രൂപ നേടാം….
Post Office Monthly Income Scheme Calculator: മാസം തോറും കൃത്യമായ ഒരു വരുമാനം കൂടി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സർക്കാർ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇവയിൽ എങ്ങനെ ഭാഗമാകാം, എത്ര നിക്ഷേപിക്കണം, എത്ര രൂപ സമ്പാദിക്കാം..... തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
എത്ര കഷ്ടപ്പെട്ട് പണിയെടുത്താലും കൈയിൽ പണം തികയാതെ വരുന്നത് ഏതൊരു സാധാരണക്കാരനും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. വളരെ പെട്ടെന്ന് അസുഖങ്ങളോ അപകടങ്ങളോ സംഭവിക്കുമ്പോഴാണ് കൈവശം പണമില്ലാത്തത് വളരെയധികം അലട്ടുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷിതമായ നിക്ഷേപ പദ്ധതികളിൽ ഭാഗമാകേണ്ടത് അനിവാര്യമാണ്.
മാസം തോറും കൃത്യമായ ഒരു വരുമാനം കൂടി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സർക്കാർ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഇവയിൽ എങ്ങനെ ഭാഗമാകാം, എത്ര നിക്ഷേപിക്കണം, എത്ര രൂപ സമ്പാദിക്കാം….. തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിഞ്ഞാലോ…
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
കുറഞ്ഞ റിസ്കിൽ സ്ഥിരവരുമാനം നേടാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 7.4% വാർഷിക പലിശ നിരക്കാണ് പദ്ധതി വാഗ്ഗാനം ചെയ്യുന്നത്. ഈ പലിശ തുക തുല്യ ഗഡുക്കളായി തിരിച്ച് എല്ലാ മാസവും നിക്ഷേപകന്റെ സേവിങ്സ് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുമെന്നത് ഇവയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. 5 വർഷമാണ് കാലാവധി.
ALSO READ: മാസം 20,000 രൂപയാണോ ശമ്പളം? ചെലവെല്ലാം കഴിഞ്ഞ് പണം ലാഭിക്കാൻ ഈ റൂൾ നോക്കൂ…
സിംഗിൾ അക്കൗണ്ട് ആയും ജോയിന്റ് അക്കൗണ്ട് ആയും പദ്ധതിയുടെ ഭാഗമാകാം. ഒരാൾക്ക് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. പരമാവധി 3 മുതിർന്ന വ്യക്തികൾ ചേർന്ന് തുടങ്ങാവുന്ന ജോയിന്റ് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ആയിരം രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്.
അതേസമയം, അക്കൗണ്ട് തുറന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. 3 വര്‍ഷത്തിന് മുമ്പാണ് പിന്‍വലിക്കലെങ്കില്‍, നിക്ഷേപത്തിന്റെ 2 ശതമാനത്തിന് തുല്യമായ തുക പിഴയായി പിടിക്കുന്നതാണ്. 3 വര്‍ഷത്തിനു ശേഷമാണ് പിന്‍വലിക്കലെങ്കില്‍ നിക്ഷേപത്തിന്റെ 1% ന് തുല്യമായ തുക പിഴ നൽകണം.
മാസം 16,650 രൂപ എങ്ങനെ നേടാം?
ഒരു വ്യക്തിക്ക് സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 9 ലക്ഷവും, ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷവുമാണ്. മാസം 16,650 രൂപ പലിശയായി ലഭിക്കണമെങ്കിൽ ആകെ 27 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഇതിന്റെ പലിശ കണക്ക് ഇപ്രകാരമാണ്….
ആകെ നിക്ഷേപം: 27 ലക്ഷം രൂപ
വാർഷിക പലിശ നിരക്ക്: 7.4 %
ഒരു വർഷത്തെ ആകെ പലിശ വരുമാനം: (27,00,000 * 7.4) / 100 = 1,99,800 രൂപ
പ്രതിമാസ പലിശ വരുമാനം: 199800/12 = 16,650 രൂപ
ഈ തുക എങ്ങനെ നിക്ഷേപിക്കാം?
ഒരു ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. അതിനാൽ ഒരൊറ്റ അക്കൗണ്ട് വഴി 27 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കില്ല. എന്നാൽ, ഒരു കുടുംബത്തിലെ രണ്ട് അല്ലെങ്കിൽ മൂന്ന് പേരുടെ പേരിൽ അക്കൗണ്ടുകൾ ആരംഭിച്ച് പണം നിക്ഷേപിക്കാവുന്നതാണ്.
നിരാകരണം: ഈ ലേഖനം വിവരങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്, സാമ്പത്തിക ഉപദേശമല്ല. നിക്ഷേപത്തിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവിൻ്റെ സഹായം തേടുക.
English Summary:
Post Office Monthly Income Scheme is a government-backed savings scheme designed for people seeking a safe and regular monthly income. Under the current rules, investors can deposit up to Rs 9 lakh in a single account and Rs 15 lakh in a joint account. Present interest rate is 7.4%.