Silver Price: രണ്ട് കടന്ന് മൂന്ന് ലക്ഷത്തിലേക്ക്…. ലാഭം വെള്ളി തന്നെ!
Silver Price Prediction: സ്വർണ്ണത്തേക്കാൾ വേഗത്തിൽ വെള്ളി വില കുതിച്ചുയരുന്ന കാഴ്ചയാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. വ്യാവസായിക മേഖലകളിൽ വന്ന ഡിമാൻഡാണ് വെള്ളി വിലയ്ക്ക് കരുത്തേകുന്നത്.

പ്രതീകാത്മക ചിത്രം
സ്വർണം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ കൂട്ടിന് മറ്റൊരു ലോഹവും ഒരൊന്നൊന്നര കുതിപ്പ് തുടരുകയാണ്. സ്വർണ്ണത്തേക്കാൾ വേഗത്തിൽ വെള്ളി വില കുതിച്ചുയരുന്ന കാഴ്ചയാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളി വില 100 ഡോളറിലേക്കും, ഇന്ത്യൻ വിപണിയിൽകിലോയ്ക്ക് 3 ലക്ഷം രൂപയിലേക്കും എത്തിയേക്കാമെന്നാണാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
ഇന്ന് കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ്. ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലും സമാനമായ വിലയാണ് രേഖപ്പെടുത്തിയത്. എന്നാൽ മുംബൈ, ബെംഗളൂർ, ഡൽഹി, പൂനെ തുടങ്ങിയ ഇടങ്ങളിൽ വില ഇതിലും കുറവാണ്. കിലോഗ്രാമിന് 2,60,000 രൂപ നിരക്കിലാണ് അവിടെ വ്യാപാരം നടക്കുന്നത്.
ALSO READ: സ്വര്‍ണം വിട്ടേക്ക് ഇനി വെള്ളിയാണ് താരം; ബുള്ളറ്റ് ട്രെയിന്‍ തോറ്റുപോകും ആ കുതിപ്പില്‍
വ്യാവസായിക മേഖലകളിൽ വന്ന ഡിമാൻഡാണ് വെള്ളി വിലയ്ക്ക് കരുത്തേകുന്നത്. ലോകമെമ്പാടും സോളാർ പാനലുകളുടെ നിർമ്മാണം വർദ്ധിക്കുന്നത് വെള്ളിയുടെ ഉപയോഗം കൂട്ടിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് കാറുകളിലെ സർക്യൂട്ടുകൾക്കും ബാറ്ററികൾക്കും വെള്ളി ധാരാളമായി ആവശ്യമായി വരുന്നതും ഉൽപാദനത്തിലെ കുറവും വെള്ളി വില കൂടുന്നതിന് കാരണമായി.
അതേസമയം, വില കുത്തനെ ഉയരുമ്പോൾ വലിയ നിക്ഷേപകർ ലാഭമെടുക്കുന്നതിനായി വെള്ളി വിറ്റഴിക്കുന്നത് താൽക്കാലിക വിലയിടിവിന് കാരണമായേക്കാം. കൂടാതെ, യുഎസ് ഡോളർ കരുത്താർജ്ജിക്കുകയോ പലിശ നിരക്കുകളിൽ വലിയ മാറ്റങ്ങൾ വരികയോ ചെയ്യുന്നത് വിലയെ ബാധിച്ചേക്കാം.