Tomato Price: കേരളത്തില്‍ മാത്രമല്ല അങ്ങ് ബെംഗളൂരുവിലും തക്കാളിയ്ക്ക് പൊന്നുംവില; കാരണം എന്താണ്?
Tomato Price in Bengaluru and Kerala: കേരളം വിട്ടാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള ഇന്ത്യയിലെ ഒരു നഗരമാണ് ബെംഗളൂരു. ഇവിടെയും പച്ചക്കറി വിലയില്‍ സംഭവിക്കുന്നതിന് കേരളത്തിന് സമാനമായ കാര്യങ്ങളാണ്. ഒറ്റരാത്രി കൊണ്ട് ബെംഗളൂരുവില്‍ തക്കാളിവില കുതിച്ചത് 100 ന് അടുത്തേക്കായിരുന്നു.

തക്കാളി
കേരളത്തില്‍ തക്കാളിവില കുതിച്ചുയരുകയാണ്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ നിരക്കിലേക്ക് ഉയര്‍ന്ന തക്കാളി, ഇനിയും കുതിക്കാനുള്ള സാധ്യത വ്യാപാരികള്‍ തള്ളിക്കളയുന്നില്ല. തക്കാളിയ്ക്ക് മാത്രമല്ല, വേറെയും ഒട്ടനവധി പച്ചക്കറികളുടെ വില വര്‍ധിച്ചിട്ടുണ്ട്.
കേരളം വിട്ടാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള ഇന്ത്യയിലെ ഒരു നഗരമാണ് ബെംഗളൂരു. ഇവിടെയും പച്ചക്കറി വിലയില്‍ സംഭവിക്കുന്നതിന് കേരളത്തിന് സമാനമായ കാര്യങ്ങളാണ്. ഒറ്റരാത്രി കൊണ്ട് ബെംഗളൂരുവില്‍ തക്കാളിവില കുതിച്ചത് 100 ന് അടുത്തേക്കായിരുന്നു. പാചകത്തില്‍ നിന്ന് ഒഴിച്ചുകൂടാനാകാത്ത തക്കാളിയുടെ വില വര്‍ധിക്കുന്നത് കുടുംബ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നു.
എന്തുകൊണ്ട് വില വര്‍ധിച്ചു?
മോശം കാലാവസ്ഥയാണ് തക്കാളി വില ഉയരുന്നതിന് വഴിവെച്ചത്. ഇടയ്ക്കിടെ എത്തിയ മഴ കാരണം കൃഷി വ്യാപകമായി നശിച്ചു. ഇതിന് പുറമെ കാലാവസ്ഥയില്‍ സംഭവിച്ച മാറ്റം വിവിധ പച്ചക്കറി ഇനങ്ങളില്‍ വൈറസ് ബാധ ഉണ്ടാകുന്നതിനും വഴിവെച്ചുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ബെംഗളൂരുവിലെ വിപണിയിലേക്ക് എത്തുന്ന തക്കാളിയുടെ അളവില്‍ 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നേരത്തെ കോലാര്‍ എപിഎംസിയില്‍ 3,500 ടണ്‍ തക്കാളി എത്തിയിരുന്നു. എന്നാല്‍ ദിവസം ഏകദേശം 2,000 ടണ്‍ മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് വ്യാപാരിയായ സിഎംആര്‍ ശ്രീനാഥ് പറയുന്നു.
കര്‍ണാടകയില്‍ വിളകളില്‍ സംഭവിച്ച രോഗബാധയ്ക്ക് പുറമെ മോശം കാലാവസ്ഥയും വിളവ് കുറയുന്നതിന് വഴിവെക്കും. ഉത്തരേന്ത്യയിലെ ആവശ്യം നിറവേറ്റുന്നതിനായി കര്‍ണാടകയില്‍ നിന്ന് ധാരാളം ഉത്പന്നങ്ങള്‍ കയറ്റി അയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അന്യസംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന കൃഷിനാശം കേരളത്തെയും ബാധിക്കുന്നുണ്ട്. പച്ചക്കറി, അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഉയര്‍ന്ന വില തന്നെ ഇത്തരം സാഹചര്യങ്ങളില്‍ അവയ്ക്കായി നല്‍കേണ്ടി വരുന്നു.