One8: ഒടുവില്‍ കോഹ്ലി ആ തീരുമാനമെടുത്തു; വണ്‍8 വില്‍പനയ്ക്ക്
Virat Kohli: കോഹ്‌ലി തന്റെ സ്‌പോർട്‌സ് ബ്രാൻഡായ വൺ8 വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അജിലറ്റാസ് സ്‌പോർട്‌സിനാണ് വില്‍ക്കുന്നത്.

One8
വിരാട് കോഹ്‌ലി തന്റെ സ്‌പോർട്‌സ് ബ്രാൻഡായ വൺ8 വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അജിലറ്റാസ് സ്‌പോർട്‌സിനാണ് വില്‍ക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിൽ 40 കോടി രൂപ നിക്ഷേപിച്ച് കുറച്ച് ഓഹരി സ്വന്തമാക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കരാറിന്റെ ഭാഗമായാണ് കോഹ്ലി 40 കോടി രൂപ നിക്ഷേപിക്കുന്നത്.
വിരാട് അജിലറ്റാസിൽ മൈനോറിറ്റി ഓഹരി ഉടമയാകുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അഭിഷേക് ഗാംഗുലി പറഞ്ഞു. ഇനി മുതൽ വൺ8 ഒരു സ്വതന്ത്ര, പ്രീമിയം ആഗോള സ്‌പോർട്‌സ് ബ്രാൻഡായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അഭിഷേക് ഗാംഗുലി പങ്കുവെച്ചിട്ടില്ല. നേരത്തെ വണ്‍ഡ8ന് പ്യൂമയുമായി പങ്കാളിത്തമുണ്ടായിരുന്നു. ഏഴ് വർഷത്തെ ഈ കരാർ അവസാനിച്ചതിന് ശേഷമാണ് വൺ8 വിൽക്കാനുള്ള കരാർ കോഹ്‌ലി ഒപ്പിട്ടത്.
പ്യൂമ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി കോഹ്‌ലിയെ നിയമിക്കുന്നതിൽ അഭിഷേക് ഗാംഗുലി നിർണായക പങ്ക് വഹിച്ചിരുന്നു. വണ്‍8നെ അജിലറ്റാസിലേക്ക് കൊണ്ടുവരുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണെന്ന് കോഹ്ലി പറഞ്ഞു. ലക്ഷ്യബോധവും അഭിലാഷവും നിറഞ്ഞ ഒരു പുതിയ യാത്രയുടെ തുടക്കമാണെന്നും താരം പ്രതികരിച്ചു.