Zomato : ഇന്ന് ഓർഡർ ചെയ്യൂ, നാളെ അടുക്കള പൂട്ടാം! സൊമാറ്റോയിൽ ഇനി ഓർഡർ ഷെഡ്യൂൾ ചെയ്യാം
Zomato Order Scheduling Feature : ഇനി രണ്ട് ദിവസം മുമ്പെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഭക്ഷണം സൊമാറ്റോയിലൂടെ ഓർഡർ ചെയ്യാൻ സാധിക്കും. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് സൊമാറ്റോ ആദ്യം സർവീസ് ഏർപ്പെടുത്തുക.
ഫുഡ് ഡെലിവെറി ആപ്ലിക്കേഷനായ സൊമാറ്റോ തങ്ങളുടെ ഏറ്റവും പുതിയ ഫീച്ചറായ ‘ഓർഡർ ഷെഡ്യൂളിങ്’ അവതരിപ്പിച്ചു. ഇനി മുതൽ സൊമാറ്റോയുടെ ഉപയോക്താക്കൾക്ക് രണ്ട് ദിവസം മുമ്പെ ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രധാന നഗരങ്ങളാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്ന് സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയൽ അറിയിച്ചു. ഡൽഹി, ബെംഗളൂരു, മുംബൈ, അഹമ്മദബാദ്, ചണ്ഡിഗഡ്, ലഖ്നൗ, ജയ്പൂർ എന്നീ നഗരങ്ങളിലെ 13,000 ഹോട്ടലുകളുമായി ചേർന്ന് ഈ സേവനം സൊമാറ്റോ അവതരിപ്പിച്ചിരിക്കുന്നത്.
കുറഞ്ഞപക്ഷം 1000 രൂപയുടെ ഓർഡറെങ്കിലും ഈ ഫീച്ചറിലൂടെ ചെയ്യണം. ഒരുപാട് ഭക്ഷണങ്ങൾ പാകം ചെയ്യാൻ സാധിക്കുന്ന ഹോട്ടലുകളുമായി ചേർന്നാണ് സൊമാറ്റോയുടെ ഈ പദ്ധതി. ഉടൻ തന്നെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിക്കുമെന്ന് കമ്പനി സിഇഒ അറിയിച്ചു. ഒപ്പം കൂടുതൽ ഹോട്ടലുകളിലേക്ക് ഈ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് സൊമാറ്റോ കൂട്ടിച്ചേർത്തു.
Update: you can now schedule orders on Zomato.
Plan your meals better by placing an order up to 2 days in advance, and we’ll deliver right on time. For now, scheduling is available for orders above ₹1,000, at around 13,000 outlets across Delhi NCR, Bengaluru, Mumbai,… pic.twitter.com/LZGeNn1zZI
— Deepinder Goyal (@deepigoyal) August 24, 2024
അതേസമയം അടുത്തിടെയാണ് സൊമാറ്റോ തങ്ങളുടെ അന്തസംസ്ഥാന ഫുഡ് ഡെലിവെറി സേവനം നിർത്തലാക്കിയത്. അതിന് പിന്നാലെയാണ് പുതിയ സേവനമായി ഫുഡ് ഡെലിവെറി ആപ്ലിക്കേഷൻ രംഗത്തെത്തിയത്. ഈ മാസം ആദ്യം മറ്റൊരു ഫീച്ചറും കൂടി സൊമാറ്റോ അവതരിപ്പിച്ചിരുന്നു, ഗ്രൂപ്പ് ഓർഡറിങ്. ഒരു കൂട്ടം ആൾക്കാർക്ക് ഒറ്റ കാർട്ടിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഫീച്ചറാണിത്. അതായത് ഫോൺ കൈമാറാതെ ഒരാറ്റ ലിങ്കിൽ ഒരു കാർട്ടിലൂടെ ഒന്നിലധികം ഉപോയോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും.