Courses after 10th: മുന്നില്‍ മികച്ച അവസരങ്ങള്‍; ഹയര്‍ സെക്കന്‍ഡറിയില്‍ സയന്‍സ് ഗ്രൂപ്പിന്റെ പ്രാധാന്യമെന്ത്?
Career opportunities after 12th science group: ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ കരിയറുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സയന്‍സ് ഗ്രൂപ്പിന്റെ പ്രാധാന്യം. വലിയ അവസരങ്ങളാണ് സയന്‍സ് ഗ്രൂപ്പ് ഇന്ന് തുറന്നിടുന്നത്. വൈവിധ്യമാര്‍ന്ന കരിയറിലേക്കുള്ള പ്രവേശനമാര്‍ഗമാണ് ഹയര്‍ സെക്കന്‍ഡറിയിലെ സയന്‍സ് ഗ്രൂപ്പ്

പത്താം ക്ലാസ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇനി ഏത് കോഴ്‌സ് തിരഞ്ഞെടുക്കണമെന്നുള്ള ആലോചനയിലാകാം വിദ്യാര്‍ത്ഥികള്‍. നിലവില്‍ പ്ലസ് വണ്‍ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മികച്ച കരിയര്‍ പടുത്തുയര്‍ത്തുന്നതിന് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്. അഭിരുചിക്ക് അനുസരിച്ച്, ജോലി സാധ്യതകളുള്ള കോഴ്‌സുകളാണ് തിരഞ്ഞെടുക്കേണ്ടത്. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കളും പ്രോത്സാഹിപ്പിക്കണം. താത്പര്യമില്ലാത്ത കോഴ്‌സുകളില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം ചേര്‍ക്കുന്നത് ശരിയായ പ്രവണതയല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്ലസ് വണ്ണില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി ഓപ്ഷനുകള്‍ കണ്‍മുന്നിലുണ്ട്. എല്ലാം മികച്ച അവസരങ്ങള്‍ തന്നെ. ഇതില്‍ സയന്‍സ് ഗ്രൂപ്പിന്റെ സാധ്യതകള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം. സയന്‍സില്‍ തന്നെ വിവിധ വിഭാഗങ്ങളുണ്ട്. ഉദാഹരണത്തിന് ബയോളജി പഠിക്കാന്‍ താത്പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുക്കാം.
തുടര്‍പഠനത്തിന് താത്പര്യമുള്ളവര്‍ അതിന് സാധ്യതകളുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം. ഐഐടി, ഐസര്‍, നൈസര്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പഠനങ്ങള്‍ നടത്താന്‍ സയന്‍സ് വിഷയങ്ങള്‍ ഉപകരിക്കും. തുടര്‍ന്ന് ഗവേഷണ മേഖലയിലും പ്രവേശിക്കാം.




ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ കരിയറുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സയന്‍സ് ഗ്രൂപ്പിന്റെ പ്രാധാന്യം. വലിയ അവസരങ്ങളാണ് സയന്‍സ് ഗ്രൂപ്പ് ഇന്ന് തുറന്നിടുന്നത്. വൈവിധ്യമാര്‍ന്ന കരിയറിലേക്കുള്ള പ്രവേശനമാര്‍ഗമാണ് ഹയര്‍ സെക്കന്‍ഡറിയിലെ സയന്‍സ് ഗ്രൂപ്പ്.
മെഡിക്കല്‍ പഠനം, വെറ്ററിനറി സയന്‍സ് തുടങ്ങി വിവിധ മേഖലകളിലേക്ക് തിരിയുന്നതിന് ബയോളജി സയന്‍സ് അനിവാര്യമാണ്. കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ബോട്ടണി തുടങ്ങി വിവിധ വിഷയങ്ങളിലായി ഗവേഷണ മേഖലയിലടക്കം അനവധി അവസരങ്ങളുണ്ട്. ഇതില്‍ ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാത്രം നിരവധി അവസരങ്ങളുണ്ട്. ഉദാഹരണത്തിന് കെമിസ്ട്രിയില്‍ മാത്രമായി, ഓര്‍ഗാനിക് കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, ഇന്‍ഓര്‍ഗാനിക് കെമിസ്ട്രി തുടങ്ങി വിവിധ വിഷയങ്ങളുണ്ട്.
Read Also: Humanities Career Guidance: ആരാ പറഞ്ഞേ ഹ്യുമാനിറ്റിസ് പോരെന്ന്, അവസരങ്ങള്‍ അനവധിയാണ്
സയന്‍സ് മേഖലയിലെ പഠനം വിദേശ രാജ്യങ്ങളിലും നിരവധി അവസരങ്ങള്‍ നല്‍കുന്നു. വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളില്‍ നല്ലൊരു വിഭാഗവും മെഡിക്കല്‍ മേഖലയുടെ ചുവടുപിടിച്ചാണെന്നതും ഓര്‍ക്കുക. ഇതിനൊപ്പം ഫാര്‍മസി, ലാബ് ടെക്‌നോളജി അടക്കം നിരവധി അവസരങ്ങള്‍ വേറെയുമുണ്ട്. ന്യൂജെന്‍ പാരാമെഡിക്കല്‍ കോഴ്‌സുകളും താല്‍പര്യമെങ്കില്‍ തിരഞ്ഞെടുക്കാം. ഇതിനൊപ്പം തന്നെ പ്രാമുഖ്യമേറിയതാണ് എഞ്ചിനീയറിങ്, ഡിപ്ലോമ കോഴ്‌സുകളും. സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്നവര്‍ക്കും സയന്‍സ് വിഷയങ്ങള്‍ മികച്ച അവസരം തുറന്നിടുന്നു.