CUSAT Exam: ശക്തമായ മഴ; കുസാറ്റ് നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു
CUSAT Exam Postponed Due To Heavy Rain: മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു.

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കുസാറ്റ് ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി. 10 ജില്ലകളിലെ ട്യൂഷൻ സെൻ്റർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് തുടരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ടാണ്.
അതിശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ട്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ ശക്തമായ കാറ്റും മഴയും നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശമുണ്ട്.