JEE Main 2026: ജെഇഇ മെയിന്‍ അപേക്ഷയില്‍ പിഴവുണ്ടോ? പേടിക്കേണ്ട, ഇക്കാര്യങ്ങളെല്ലാം തിരുത്താന്‍ അവസരം
JEE Main 2026 Correction details: ജെഇഇ) മെയിൻ 2026 സെഷൻ 1 അപേക്ഷാ ഫോമിലെ ചില പിഴവുകള്‍ തിരുത്താന്‍ അപേക്ഷകര്‍ക്ക് അവസരം. പിഴവുകള്‍ തിരുത്താന്‍ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചതായി എന്‍ടിഎ

Image for representation purpose only
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2026 സെഷൻ 1-ന്റെ ഓൺലൈൻ അപേക്ഷാ ഫോമിലെ ചില പിഴവുകള്‍ തിരുത്താന്‍ അപേക്ഷകര്‍ക്ക് അവസരം. പിഴവുകള്‍ തിരുത്താന്‍ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ അപേക്ഷകര്‍ നല്‍കിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഈ സാഹചര്യത്തില്‍ പിഴവുകള്‍ തിരുത്താന്‍ അവസരം നല്‍കാന്‍ എന്‍ടിഎ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ രണ്ട് വരെ അവസരം നല്‍കും. ഡിസംബര്‍ രണ്ടിന് രാത്രി 11.50 വരെയാണ് അവസരം.
രജിസ്റ്റർ ചെയ്തവരെല്ലാം വെബ്സൈറ്റ് (https://jeemain.nta.nic.in/) സന്ദർശിച്ച് വിവരങ്ങൾ പരിശോധിക്കണം. ആവശ്യമെങ്കിൽ, അപേക്ഷാ ഫോമിൽ തിരുത്തലുകള്‍ വരുത്തണം. ഡിസംബര്‍ രണ്ടിന് ശേഷം തിരുത്താന്‍ അവസരമുണ്ടായിരിക്കില്ല.
അധിക ഫീസ് ബാധകമെങ്കില്‍ അത് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ വഴി അടയ്ക്കാം. വീണ്ടും അവസരം ലഭിക്കാത്തതിനാല്‍ അപേക്ഷകര്‍ വളരെ ശ്രദ്ധാപൂര്‍വം തിരുത്തലുകള്‍ വരുത്തണം. നവംബര്‍ 27 വരെ ജെഇഇ (മെയിൻ) 2026 സെഷൻ-1-നുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്നും, അതിനു ശേഷം അവസരം ലഭിക്കില്ലെന്നും എന്‍ടിഎ വ്യക്തമാക്കി. വ്യക്തതകൾ ആവശ്യമെങ്കില്‍ jeemain@nta.ac.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാം.
Also Read: GATE 2026 Schedule: ഗേറ്റ് 2026 പരീക്ഷ നാലു ദിവസങ്ങളിലായി, ഷെഡ്യൂള്‍ പുറത്ത്
അപേക്ഷിച്ചയാളുടെ പേര്, അച്ഛന്റെ പേര്, അമ്മയുടെ പേര് എന്നിവയില്‍ പിഴവുണ്ടെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരെണ്ണം തിരുത്താന്‍ അനുവദിക്കും. 10, 12 ക്ലാസുകളിലെ വിവരങ്ങള്‍, സ്റ്റേറ്റ് കോഡ് എന്നിവയില്‍ പിഴവുണ്ടെങ്കില്‍ മാറ്റം വരുത്താം. പരീക്ഷ സിറ്റി സെലക്ഷനും മാറ്റാം. അതുപോലെ, ജനനത്തീയതി, ജെന്‍ഡര്‍, കാറ്റഗറി, സബ് കാറ്റഗറി, ഒപ്പ് എന്നിവയും പിശകുണ്ടെങ്കില്‍ തിരുത്താം. കറക്ഷന്‍ വിന്‍ഡോ അനുവദിക്കുമ്പോള്‍ മുകളില്‍ പരാമര്‍ശിച്ച ഔദ്യോഗിക വെബ്‌സൈറ്റ് വഴി പിശകുകള്‍ തിരുത്താം
തിരുത്താന്‍ പറ്റാത്തവ
- മൊബൈല്‍ നമ്പര്‍
- ഇമെയില്‍ അഡ്രസ്
- വിലാസം
- എമര്‍ജന്‍സി കോണ്‍ടാക്ട് വിവരങ്ങള്‍
- ഫോട്ടോഗ്രാഫ്