Kerala Midday Meal: പാലുകുടിക്കാൻ കുട്ടി വന്നില്ലേ, പിറ്റേന്ന് തൈരു കൊടുക്കൂ… ഫണ്ട് പ്രശ്നം സ്കൂളിൽ മാത്രമല്ല അംഗനവാടിയിലും
Anganwadi Funding Crisis: 52 ആഴ്ചകളിലായി 156 മുട്ടയും 125 മില്ലിലിറ്റർ പാലും കുട്ടികൾക്ക് നൽകണമെന്നാണ് ചട്ടം. പാലും മുട്ടയും നൽകാനുള്ള തുക വനിതാ ശിശു വികസന വകുപ്പ് അനുവദിക്കുമെന്നതാണ് ആകെയുള്ള പ്രതീക്ഷ.

Midday Meal
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിന് പുതുക്കിയ മെനു വന്നതും അതിന്റെ ഫണ്ടിങ് പ്രശ്നങ്ങളും ചർച്ചയാകുന്നതിനിടെ അംഗനവാടികളും ഇതേ പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. അംഗനവാടിയിലും പരിഷ്കരിച്ച മെനുവാണ് ഇപ്പോഴുള്ളത്. എന്നാൽ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണം കുട്ടികൾക്ക് നൽകാൻ പണമില്ലെന്നു അംഗനവാടി ജീവനക്കാർ പറയുന്നു.
പുതിയ മാറ്റം
കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ നാരങ്ങാവെള്ളം, അതത് സമയങ്ങളിൽ ലഭിക്കുന്ന പഴങ്ങൾ ഉപയോഗിച്ച് ജ്യൂസ്, കരിക്കിൻവെള്ളം, മോരിൻവെള്ളം, കഞ്ഞിവെള്ളം എന്നിവ നൽകാനാണ് നിർദ്ദേശം. പലഹാരങ്ങളും അവയ്ക്ക് രുചി കൂട്ടാൻ ഏത്തപ്പഴം ചക്കപ്പഴം മധുരക്കിഴങ്ങ് എന്നിവയും നൽകണം. ഇനി ഇതിനെല്ലാം കൂടി അനുവദിച്ചതാകട്ടെ ഒരു കുട്ടിയ്ക്ക് ആറുരൂപ. ബാക്കി തുക തദ്ദേശ സ്ഥപനങ്ങൾ നൽകണമെന്നാണ് ചട്ടം. എന്നാൽ അവർ എവിടെ നിന്നു കൊടുക്കും എന്നത് അടുത്ത ചോദ്യം.
പാല് കുടിക്കാൻ കുട്ടി വന്നില്ലെങ്കിൽ തൈരു കൊടുക്കണം
അംഗനവാടിയിൽ ഒരു ദിവസം ഒരു കുട്ടി വന്നില്ലെങ്കിൽ അത് തൈരാക്കി പിറ്റേന്ന് കൊടുക്കാമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. ഈ വർഷം മുതൽ ആഴ്ചയിൽ മൂന്നു ദിവസം മുട്ടയും പാലും നൽകണമെന്നാണ് ചട്ടം. ഒരു ദിവസം കുട്ടി വന്നില്ലെങ്കിലും തൊട്ടടുത്ത ദിവസം അത് നൽകിയെന്നു ഉറപ്പാക്കണം. 52 ആഴ്ചകളിലായി 156 മുട്ടയും 125 മില്ലിലിറ്റർ പാലും കുട്ടികൾക്ക് നൽകണമെന്നാണ് ചട്ടം. പാലും മുട്ടയും നൽകാനുള്ള തുക വനിതാ ശിശു വികസന വകുപ്പ് അനുവദിക്കുമെന്നതാണ് ആകെയുള്ള പ്രതീക്ഷ. സ്കൂളിലെ പുതിക്കിയ മെനുവും ഫണ്ട് പ്രശ്നങ്ങളും നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഈ പ്രശ്നം ഉയർന്നു വന്നത്.