AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Examination 2025: ബേസില്‍ തമ്പിയെ ‘ഭാസില്‍ തമ്പി’യാക്കി പിഎസ്‌സി; പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി

Error in the question paper of the Kerala PSC exam: ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയതിന് ശേഷം കമ്മീഷന്‍ പ്രൂഫ് റീഡിങ് നടത്തുന്നുണ്ടോയെന്ന് വ്യക്തമല്ല. അങ്ങനെയില്ലെങ്കില്‍ അത്തരം പ്രൂഫ് റീഡിങുകള്‍ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്‌ ഇത്തരത്തിലുള്ള പിഴവുകള്‍

Kerala PSC Examination 2025: ബേസില്‍ തമ്പിയെ ‘ഭാസില്‍ തമ്പി’യാക്കി പിഎസ്‌സി; പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി
പിഎസ്‌സി ചോദ്യപേപ്പര്‍, ബേസില്‍ തമ്പി Image Credit source: special arrangement, instagram.com/basilthamby
jayadevan-am
Jayadevan AM | Updated On: 22 Jun 2025 11:09 AM

ത്യന്തം ശ്രദ്ധയോടെയാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കേണ്ടതെങ്കിലും പിഎസ്‌സി പരീക്ഷയില്‍ പിഴവുകള്‍ പതിവുസംഭവമാണ്. ചിലപ്പോള്‍ ചോദ്യത്തിലും, മറ്റു ചിലപ്പോള്‍ ഓപ്ഷനിലുമാകും പിഴവുകള്‍. തെറ്റായ ചോദ്യങ്ങള്‍ അന്തിമ ആന്‍സര്‍ കീ പുറത്തിറക്കുമ്പോള്‍ ഒഴിവാക്കുന്നതാണ് പതിവ്. ഇത്തരത്തിലുള്ള പിഴവുകള്‍ അനായാസമായി സ്‌കോര്‍ ചെയ്യുന്നതിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയിലാണ് പിഎസ്‌സി ഏറ്റവും ഒടുവില്‍ പിഴവ് വരുത്തിയത്.

‘2025ല്‍ നടന്ന ഐപിഎല്‍ ക്രിക്കറ്റ് ലീഗില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ശ്രദ്ധേയനായ മലയാളി ക്രിക്കറ്റ് താരം ആരായിരുന്നു’ എന്നായിരുന്നു ചോദ്യം. വിഷ്ണു വിനോദ്, വിഘ്‌നേശ് പുത്തൂര്‍, സച്ചിന്‍ ബേബി, ഭാസില്‍ തമ്പി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഇതിലെ നാലാമത്തെ ഓപ്ഷനാണ് ഉദ്യോഗാര്‍ത്ഥികളെ ഞെട്ടിച്ചത്. മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെയാണ് പിഎസ്‌സി ‘ഭാസില്‍ തമ്പി’യാക്കിയത്.

അതുകൊണ്ടും തീര്‍ന്നില്ല. ആ ചോദ്യം തന്നെ തെറ്റായിരുന്നു. മുംബൈ ഇന്ത്യന്‍സ് താരം വിഘ്‌നേശ് പുത്തൂരായിരുന്നു ഇത്തവണ ഐപിഎല്ലില്‍ കളിച്ച ഏക മലയാളി ബൗളര്‍. തന്റെ അരങ്ങേറ്റ മത്സരത്തില്‍ വിഘ്‌നേശ് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ബേസില്‍ തമ്പിയും ബൗളറാണെങ്കിലും അദ്ദേഹം ഇത്തവണ ഐപിഎല്ലില്‍ തിരഞ്ഞെടുക്കപ്പെട്ടില്ല.

ഓപ്ഷനിലുള്ള മറ്റ് താരങ്ങളായ വിഷ്ണു വിനോദും, സച്ചിന്‍ ബേബിയും ബാറ്റര്‍മാരാണ്. പഞ്ചാബ് കിങ്‌സ് താരമായിരുന്ന വിഷ്ണുവിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സച്ചിന്‍ ബേബിക്ക് ഒരു അവസരം കിട്ടിയെങ്കിലും ആ മത്സരം മഴ മൂലം പാതിവഴിയില്‍ ഉപേക്ഷിച്ചു.

അതുകൊണ്ട് തന്നെ ഉത്തരമില്ലാത്ത ഈ ചോദ്യം ഒഴിവാക്കാന്‍ തന്നെയാണ് സാധ്യത. പേരിലെയും, വിക്കറ്റുകളുടെ എണ്ണത്തിലെയും പിഴവുകള്‍ നിസാരമെന്ന് ന്യായികരിക്കാമെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനായാസമായി സ്‌കോര്‍ ചെയ്യാവുന്ന അവസരങ്ങളാണ് ഇത്തരം തെറ്റുകളിലൂടെ നഷ്ടമാകുന്നത്.

Read Also: Kerala Plus One Admission 2025: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ജൂൺ 28 മുതൽ അപേക്ഷിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പിഎസ്‌സി പരീക്ഷയിലെ ചോദ്യപേപ്പറുകളില്‍ ഇത്തരത്തില്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്നത് ഉദ്യോഗാര്‍ത്ഥികളില്‍ നിരാശയുണ്ടാക്കുന്നുമുണ്ട്. അങ്ങേയറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ചോദ്യപേപ്പറുകള്‍ അലംഭാവത്തോടെയാണ് തയ്യാറാക്കുന്നതെന്നാണ് ആക്ഷേപം.

ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയതിന് ശേഷം കമ്മീഷന്‍ പ്രൂഫ് റീഡിങ് നടത്തുന്നുണ്ടോയെന്ന് വ്യക്തമല്ല. അങ്ങനെയില്ലെങ്കില്‍ അത്തരം പ്രൂഫ് റീഡിങുകള്‍ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്‌ ഇത്തരത്തിലുള്ള പിഴവുകള്‍.