Kerala Rain School Holiday: കനത്ത മഴയും വെള്ളക്കെട്ടും; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala Schools Rain Holiday on July 17 2025: പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ജനസുരക്ഷയെ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

പ്രതീകാത്മക ചിത്രം
കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് നാളെ (ജൂലൈ 17) കാസർഗോഡ്, കോഴിക്കോട്, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ജനസുരക്ഷയെ മുൻനിർത്തിയാണ് വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.
കാസർഗോഡ്, തൃശൂർ, വയനാട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ഉൾപ്പടെ അവധി ബാധകമാണ്. എന്നാൽ, മുമ്പ് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് ( പ്രൊഫഷണൽ, സർവകലാശാല, മറ്റു വകുപ്പ് ) മാറ്റമില്ല. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല.
അതേസമയം, കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതായത്, 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിർദേശമുണ്ട്.
ALSO READ: രണ്ടു സെമസ്റ്റർ കഴിഞ്ഞാലും സാരമില്ല മറ്റു സർവകലാശാലകളിൽ നിന്ന് എംജിയുവിൽ ചേരാം
അതേസമയം, അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ ചില നദികളിൽ ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, നദികളുടെ തീരത്ത് വസിക്കുന്നവർ ജാഗ്രത പാലിക്കണം. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 19 വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.