Kerala SSLC History: ഇഎസ്എല്‍സിയില്‍ നിന്ന് ജനനം; എസ്എസ്എല്‍സിയുടെ പിറവി ഇങ്ങനെ
Kerala SSLC Examination History Explained: എസ്എസ്എല്‍സിക്ക് പൂര്‍ണ തോതില്‍ തുടക്കമിട്ടത് 1952ലായിരുന്നെങ്കിലും അതിനും മുമ്പേ മറ്റൊരു രൂപത്തില്‍ പരീക്ഷ നടന്നിരുന്നു. ഇംഗ്ലീഷ് സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് (ഇഎസ്എല്‍സി) എന്നായിരുന്നു എസ്എസ്എല്‍സിയുടെ മുന്‍ഗാമിയുടെ പേര്

പ്രതീകാത്മക ചിത്രം
വര്‍ഷം 2004. പതിവുപോലെ ഒരു മന്ത്രിസഭായോഗം. പക്ഷേ, ആ യോഗത്തിലെ ഒരു തീരുമാനം ഏറെ ചര്‍ച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ടായി. ആ അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രിസഭായോഗത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗ്രേഡിംഗ് സമ്പ്രദായത്തെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്കകളും സംശയങ്ങളും ഉയര്‍ന്നു. ഇതെല്ലാം ദുരീകരിക്കാന്‍ നടപടി സ്വീകരിച്ചെന്നായിരുന്നു പത്രസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം. ഒരു വിദ്യാർത്ഥിക്ക് മാർക്ക് അറിയാൻ അവസരം ലഭിക്കാത്തതായിരുന്നു ഗ്രേഡിങ് സിസ്റ്റത്തിനെതിരെ ഉയര്‍ന്ന പ്രധാന പരാതി. എന്തായാലും തീരുമാനം നടപ്പിലായി. അതായത് 20 വര്‍ഷം മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 2005ല്‍.
അതുവരെ ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ വരുന്നത് പതിവുകാഴ്ചയായിരുന്നു. ഗ്രേഡിങ് സിസ്റ്റത്തോടെ അത് ഇല്ലാതായി. പക്ഷേ, പിന്നീട് ‘എ പ്ലസ് സമ്പന്നരു’ടെ ചിത്രങ്ങള്‍ പത്രപേജുകള്‍ കീഴടക്കി. അത് ഇന്നും തുടരുന്നു. അനാരോഗ്യകരമായ മത്സരവും, വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കുകയുമായിരുന്നു ഗ്രേഡിങ് സമ്പ്രദായത്തിന്റെ ഒരു ലക്ഷ്യം. പണ്ട്, എസ്എസ്എല്‍സി ഒരു ബാലികേറാമലയായിരുന്നുവെന്നത് യാഥാര്‍ത്ഥ്യവുമാണ്.
അങ്ങനെ ഗ്രേഡിങ് സിസ്റ്റം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാപനമെത്തി. വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ വിജയശതമാനം പ്രഖ്യാപിച്ചു. 58.49 ശതമാനം. പരീക്ഷ എഴുതിയത് 4,72,880 വിദ്യാർത്ഥികൾ. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 469 പേരും. 2,76,518 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇന്ന് കാണുന്ന നിലയിലേക്കുള്ള എസ്എസ്എല്‍സിയുടെ ആരംഭം ഇവിടെ നിന്നായിരുന്നു. കാലം കടന്നുപോയി. വിജയശതമാനം പതുക്കെ പതുക്കെ മുന്നോട്ട് കുതിച്ചു. ഒടുവില്‍ അത് 99 ശതമാനവും കടന്നു.
ഇഎസ്എൽസിയിൽ തുടങ്ങി
എസ്എസ്എല്‍സിക്ക് പൂര്‍ണ തോതില്‍ തുടക്കമിട്ടത് 1952ലായിരുന്നെങ്കിലും അതിനും മുമ്പേ മറ്റൊരു രൂപത്തില്‍ പരീക്ഷ നടന്നിരുന്നു. ഇംഗ്ലീഷ് സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് (ഇഎസ്എല്‍സി) എന്നായിരുന്നു എസ്എസ്എല്‍സിയുടെ മുന്‍ഗാമിയുടെ പേര്. 1949-ഓടെ ഇഎസ്എല്‍സി അവസാനിച്ചു. ‘ഇ’യില്‍ തുടങ്ങിയ പരീക്ഷ പിന്നീട് ‘എസി’ല്‍ ആരംഭിച്ചു.
ഇഎസ്എല്‍സിയില്‍ ആദ്യം മലയാളം ഒഴികെയുള്ള പരീക്ഷകള്‍ ഇംഗ്ലീഷിലായിരുന്നു. പിന്നീട് മാറ്റം സംഭവിച്ചു. 1952-ഓടെയാണ് ഇഎസ്എല്‍സി പൂര്‍ണമായും അവസാനിച്ചത്. ആദ്യമൊക്കെ 16 പേജുകളായിരുന്നു എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിനുണ്ടായിരുന്നത്. അതില്‍ 8, 9, 10 ക്ലാസുകളിലെ മാര്‍ക്കുകള്‍ സ്വന്തം കൈപ്പടയില്‍ അധ്യാപകര്‍ രേഖപ്പെടുത്തുമായിരുന്നു.
1987ല്‍ എസ്എസ്എല്‍സി ‘എസ്എസ്‌സി’യായി മാറി. എന്നാല്‍ അടുത്ത വര്‍ഷം തന്നെ അത് വീണ്ടും എസ്എസ്എല്‍സിയായി. സര്‍ട്ടിഫിക്കറ്റിലും കാലക്രമേണ മാറ്റം വന്നു. നിരവധി പേജുകളുണ്ടായിരുന്ന ബുക്ക് പിന്നീട് ഒറ്റ പേജ് മാത്രമുള്ള കാര്‍ഡായി മാറി.