Study Abroad: ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിന് തിരഞ്ഞെടുക്കുന്നത് ഈ സ്ഥലങ്ങൾ; കാരണം
Study Abroad Destinations: അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിദേശ പഠന കേന്ദ്രങ്ങൾ. വിദ്യാർത്ഥികൾ ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള കാരണവും, പഠന സാധ്യതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് വിശദമായി പരിശോധിക്കാം.

Study Abroad
ഉപരിപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതൽ തിരഞ്ഞെടുക്കുന്ന വിദേശ പഠന കേന്ദ്രങ്ങൾ ഏതെല്ലാമെന്ന വിശദമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നീതി ആയോഗ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിദേശ പഠന കേന്ദ്രങ്ങൾ. വിദ്യാർത്ഥികൾ ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള കാരണവും, പഠന സാധ്യതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് വിശദമായി പരിശോധിക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സ്
ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ട വിദേശ പഠന കേന്ദ്രങ്ങളിൽ മുന്നിൽ നിൽക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സാണ്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ യുഎസിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് 37.5 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. 2012-13ലെ 8,19,644ൽ നിന്ന് 2023-24 ൽ അത് 11,26,690 ആയി വർദ്ധിച്ചതായാണ് കണക്കുകൾ പറയുന്നത്. 2023-24 അധ്യയന വർഷത്തിൽ മാത്രം, ഏകദേശം 11.3 ലക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് യുഎസിലേക്ക് പഠനത്തിനായി എത്തിയത്. ഇതിൽ 3,31,602 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉൾപ്പെടുന്നത്. മൊത്തം വിദ്യാർത്ഥികളുടെ 29 ശതമാനമാണിത്.
ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് യുഎസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ പകുതിയിലധികവും. അക്കാദമിക് മികവ്, ഗവേഷണ മേഖലയുടെ വികസനം, ജോലി സാധ്യത തുടങ്ങിയ വിദ്യാർത്ഥികൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇതിന് പിന്നിലെ കാരണമായി സർവേ പറയുന്നത്. കാലിഫോർണിയ, മസാച്യുസെറ്റ്സ്, ന്യൂയോർക്ക്, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.
ALSO READ: എഐ വീണ്ടും പാരയാകുന്നു… കൂട്ടപ്പിരിച്ചുവിടലുമായി പ്രമുഖ കോർപറേറ്റ് കമ്പനികൾ
കാനഡ
സർവേ പട്ടികയിൽ രണ്ടാമത് നിൽക്കുന്നത് കാനഡയാണ്. 2014ൽ 3,26,120 പേരായിരുന്നത് 2024 എത്തിയപ്പോൾ 4,85,000 ആയി ഉയർന്നു. 2023-ൽ കാനഡയിലെത്തിയ മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 42.9 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളായിരുന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വിദ്യാഭ്യാസ മേഖലയുണ്ടാക്കുന്ന സംഭാവനയാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. 2022 ൽ ജിഡിപിയിലേക്ക് വിദ്യാഭ്യാസ മേഖലയിൽ നിന്ന് മാത്രം 30.9 ബില്യൺ കനേഡിയൻ ഡോളർ (ഏകദേശം 1.92 ലക്ഷം കോടി രൂപ). അതായത് മൊത്തം ജിഡിപിയുടെ ഏകദേശം 1.2 ശതമാനം.
ഓസ്‌ട്രേലിയ
കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവിൽ ഓസ്‌ട്രേലിയ 50.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2014-ൽ 3,47,560 ആയിരുന്നത് 2023-ൽ 5,24,514 ആയി ഉയർന്നു. ഓസ്ട്രേലിയ വലിയ പ്രാധാന്യത്തോടെയാണ് വിദ്യാഭ്യാസ മേഖലയെ നോക്കികാണുന്നത്. 2023-24-ൽ ഏകദേശം 51 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 2.85 ലക്ഷം കോടി രൂപ) അതായത് ജിഡിപിയുടെ ഏകദേശം 1.9 ശതമാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിന്ന് മാത്രം രാജ്യം കൈവരിച്ചത്. 2023 സെപ്റ്റംബർ വരെ, 1.2 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്‌ട്രേലിയയിൽ എത്തിച്ചേർന്നത്.
യൂറോപ്യൻ യൂണിയൻ
ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണ മേഖലയും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിലേക്ക് യൂറോപ്യൻ യൂണിയനും വിശാലമായ വാതിലാണ് തുറന്നിട്ടിരിക്കുന്നത്. പ്രത്യേകിച്ച് താങ്ങാനാവുന്ന വിദ്യാഭ്യാസ ചെലവാണ് വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്നത്. 2023ലെ കണക്കനുസരിച്ച്, യൂറോപ്യൻ യൂണിയനിലേക്ക് എത്തിച്ചേർന്ന വിദ്യാർത്ഥികളിൽ അധികവും ഇന്ത്യക്കാരാണ്. ജർമ്മനി, അയർലൻഡ്, ലാത്വിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ താമസിക്കുന്നത്.