School Timing Change: സ്കൂൾ സമയമാറ്റം; നാളെ മുതൽ പഠന സമയം വർധിക്കും
School Timing Change From June 16: പുനഃക്രമീകരിച്ച സമയക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അരമണിക്കൂര്‍ വീതമാണ് സ്‌കൂള്‍ സമയം വര്‍ധിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റുമാണ് സമയം ദീര്‍ഘിപ്പിച്ചത്.
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ പുനഃക്രമീകരിച്ച സമയക്രമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പഠന സമയം ജൂണ്‍ 16 മുതല്‍ അരമണിക്കൂര്‍ വര്‍ധിക്കും. എട്ട് മുതല്‍ പത്താം ക്ലാസുവരെയുള്ള അധ്യയന സമയം 1100 മണിക്കൂര്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
പുനഃക്രമീകരിച്ച സമയക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അരമണിക്കൂര്‍ വീതമാണ് സ്‌കൂള്‍ സമയം വര്‍ധിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റുമാണ് സമയം ദീര്‍ഘിപ്പിച്ചത്.
തിങ്കളാഴ്ച മുതല്‍ എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 9.45 ന് ക്ലാസുകള്‍ ആരംഭിച്ച് 4.15ന് അവസാനിക്കും. എട്ട് പീരീയഡുകള്‍ നിലനിര്‍ത്തി കൊണ്ട് തന്നെയാണ് സമയമാറ്റം നിലവില്‍ വരുന്നത്.




സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിയോജിപ്പിച്ച് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തില്‍ വരുന്നത്. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ സമയക്രമം പഴയപടിയാക്കുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പുതിയ സമയക്രമം പിന്‍വലിക്കേണ്ട, പരാതി ഉയരുകയാണെങ്കില്‍ പരിശോധിക്കാമെന്ന് വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു.