SSC CGL 2025: കേന്ദ്രമന്ത്രാലയങ്ങളിലടക്കം ചറപറാ അവസരങ്ങള്‍, 1.42 ലക്ഷം വരെ ശമ്പളം; സിജിഎല്‍ വിജ്ഞാപനമെത്തി
SSC CGL 2025 Recruitment Notification Out: ജൂലൈ നാല് വരെ അപേക്ഷിക്കാം. കേന്ദ്രമന്ത്രാലയങ്ങളിലടക്കം അവസരമുണ്ട്. 20-30, 18-30, 18-27 എന്നീ പ്രായവിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്

ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ 2025 പരീക്ഷയുടെ വിജ്ഞാപനം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. ജൂലൈ നാല് വരെ അപേക്ഷിക്കാം. കേന്ദ്രമന്ത്രാലയങ്ങളിലടക്കം അവസരമുണ്ട്. 20-30, 18-30, 18-27 എന്നീ പ്രായവിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര സെക്രട്ടേറിയറ്റ് സര്‍വീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സിബിഐയില്‍ എസ്‌ഐ തുടങ്ങിയ 16 തസ്തികകളില്‍ 44900-142400 ആണ് പേ ലെവല്‍.
എന്‍ഐഎ, എന്‍സിബി എന്നിവിടങ്ങളില്‍ സബ് ഇന്‍സ്‌പെക്ടര്‍, ആഭ്യന്തര മന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2 തുടങ്ങിയ ഒമ്പത് തസ്തികകളില്‍ 35400-112400 ആണ് പേ സ്‌കെയില്‍. 29200-92300 പേ ലെവലില്‍ ആറു തസ്തികകളിലേക്കും, 25500-81000 പേ ലെവലില്‍ ആറു തസ്തികകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഓരോ തസ്തികയിലേക്കുമുള്ള പ്രായപരിധി വ്യത്യാസമാണ്. ഇതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്.
പ്രധാന തീയതികള്‍ ഒറ്റനോട്ടത്തില്‍
- അപേക്ഷിക്കേണ്ട തീയതി: 2025 ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ ഏഴ് വരെ
- ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: 2025 ജൂണ്‍ അഞ്ച്
- അപേക്ഷാ ഫോം തിരുത്തലിനുള്ള വിൻഡോ: 2025 ജൂലൈ ഒമ്പത് മുതല്‍ 11 വരെ
- ആദ്യഘട്ട പരീക്ഷ: 2025 ഓഗസ്റ്റ് 13-30
- രണ്ടാം ഘട്ടം: 2025 ഡിസംബര്‍
- അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ വിളിക്കേണ്ട ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ: 18003093063




എങ്ങനെ അപേക്ഷിക്കാം?
ssc.gov.in വഴിയോ അല്ലെങ്കിൽ mySSC മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. 100 രൂപയാണ് പരീക്ഷാ ഫീസ്. സ്ത്രീകളെയും പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), പിഡബ്ല്യുബിഡി, മുൻ സൈനികർ (ഇഎസ്‌എം) എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. പരീക്ഷ സിലബസ്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തിലുണ്ട്. ഇത് പൂര്‍ണമായും വായിച്ചതിന് ശേഷമേ അപേക്ഷിക്കാവൂ.