Lal: ‘നിന്റെ അച്ഛന്‍ ഭയങ്കര ദുഷ്ടനാണല്ലേയെന്ന് മകളോട് ചോദിച്ചു; അതോടെ വില്ലന്‍ വേഷങ്ങള്‍ വേണ്ടെന്ന് വെച്ചു’: ലാല്‍
Lal About Playing Villain Roles: ആദ്യകാലത്ത് താൻ ചെയ്ത വില്ലൻ കഥാപാത്രങ്ങൾ കണ്ട് പലരും താൻ ഇത്തിരി കുഴപ്പക്കാരനാണെന്ന് വിചാരിച്ചിരുന്നുവെന്ന് പറയുകയാണ് ലാൽ.

ലാൽ
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് ലാൽ. അദ്ദേഹം സംവിധായകൻ സിദ്ദീഖിനൊപ്പവും മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. കൂടാതെ, ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. 1997ൽ ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച ലാൽ, തുടക്കകാലത്ത് കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. പിന്നീട് അത്തരം കഥാപാത്രങ്ങൾ മനപൂർവം ഒഴിവാക്കിയതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽ.
ആദ്യകാലത്ത് താൻ ചെയ്ത വില്ലൻ കഥാപാത്രങ്ങൾ കണ്ട് പലരും താൻ ഇത്തിരി കുഴപ്പക്കാരനാണെന്ന് വിചാരിച്ചിരുന്നുവെന്ന് പറയുകയാണ് ലാൽ. പിന്നീട് പഞ്ചാബി ഹൗസ് എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് സ്ത്രീകളും കുട്ടികളും എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതെന്നും, ഇതുപോലൊരു ചേട്ടനുണ്ടായിരുന്നെങ്കിൽ എന്ന് പല പെൺകുട്ടികളും പറഞ്ഞതായും ലാൽ പറയുന്നു. ഇതോടെയാണ് വില്ലൻ വില്ലൻ വേഷങ്ങൾ വേണ്ടെന്ന് വെച്ചതെന്നും താരം കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം പറഞ്ഞത്.
“പഞ്ചാബി ഹൗസ്’ എന്ന സിനിമയ്ക്ക് ശേഷമാണ് സ്ത്രീകളും കുട്ടികളും എന്റെ അടുത്തേക്ക് വന്ന് സംസാരിക്കാൻ ഒക്കെ തുടങ്ങിയത്. ‘കളിയാട്ടം’, ‘ഓർമച്ചെപ്പ്’, ‘കന്മദം’ തുടങ്ങി ആദ്യ കാലങ്ങളിൽ അഭിനയിച്ച സിനിമകളിലെല്ലാം നെഗറ്റീവ് ടച്ചുള്ള സൈക്കോ കഥാപാത്രങ്ങളായിരുന്നു ഞാൻ ചെയ്തിരുന്നത്. അത് കണ്ട പ്രേക്ഷകർ ഇയാൾ ഇത്തിരി കുഴപ്പക്കാരനാണെന്ന് വിചാരിച്ചു. എന്നെ കാണുമ്പോൾ പലരും അൽപം മാറിനടന്നു. എന്നാൽ, പഞ്ചാബി ഹൗസ് ഇറങ്ങിയതോടെ ഇതെന്റെ ചേട്ടനാണ് എന്നൊരു ഭാവം പ്രേക്ഷകരിൽ വന്നു.
ALSO READ: ഗഫൂർക്കാ ദോസ്ത് എന്ന ഡയലോഗിലൂടെയാണ് മലയാള സിനിമയിലേക്ക് മാമുക്കോയ തീ പടരുന്നത്: ലാൽ ജോസ്
പഞ്ചാബി ഹൗസിലേത് പോലൊരു ചേട്ടനുണ്ടായിരുന്നെങ്കിൽ എന്ന് പല പെൺകുട്ടികളും പറഞ്ഞു. അതോടെ വില്ലൻ വേഷങ്ങൾ വേണ്ടെന്ന് വെച്ചു. വില്ലൻ വേഷങ്ങൾ വേണ്ടന്ന് വെക്കാൻ വേറൊരു കാരണം കൂടിയുണ്ട്. ഞാൻ അഭിനയം തുടങ്ങിയ സമയത്ത് എന്റെ മകൾ രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. അവളുടെ കൂടെ പഠിക്കുന്ന കുട്ടി ഒരു ദിവസം എന്നോട് വന്ന് ചോദിച്ചു ‘നിന്റെ അച്ഛൻ ഭയങ്കര ദുഷ്ടനാണല്ലേ’ എന്ന്. അതുകേട്ട് അവൾ വീട്ടിൽ വന്ന് കരഞ്ഞു. ആ സംഭവം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഇനി വില്ലൻ വേഷങ്ങൾ ചെയ്യില്ലെന്ന് അന്ന് തീരുമാനമെടുത്തു” ലാൽ പറഞ്ഞു.