Suriya: ‘എന്റേത് ഓവർആക്ടിങ്ങാണെന്ന് പലരും പറഞ്ഞിട്ടുണ്ട്’; സൂര്യ
Actor Suriya: 1997ൽ പുറത്തിറങ്ങിയ നേർ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. സുരറൈ പോട്ര് എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡും സ്വന്തമാക്കി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ പറ്റി മനസ്സ് തുറക്കുകയാണ് താരം.

Actor Suriya
തമിഴകത്തിന്റെ നടിപ്പിൻ നായകനാണ് സൂര്യ. 1997ൽ പുറത്തിറങ്ങിയ നേർ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. സുരറൈ പോട്ര് എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡും സ്വന്തമാക്കി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ പറ്റി മനസ്സ് തുറക്കുകയാണ് താരം.
പുതിയ ചിത്രമായ റെട്രോയുടെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൂര്യ. താൻ ഒരു നല്ല നടനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും തന്റേത് ഓവർ ആക്ടിങ്ങാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. സംവിധായകൻ ബാലയാണ് അഭിനയത്തിന്റെ കാര്യത്തിൽ തന്നെ ആദ്യമായി ഉപദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാമറയ്ക്ക് മുന്നിൽ റിയലായി നിൽക്കാനാണ് ബാല പറഞ്ഞിട്ടുള്ളത്. ക്യാരക്ടറിന്റെ ഇമോഷൻ നമ്മളിൽ നിന്ന് നഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാലയുടെ ആക്ടിങ് സ്കൂളിൽ നിന്ന് വന്നത് കൊണ്ടുള്ള ഗുണം കൂടെയുണ്ടെന്നും സൂര്യ പറഞ്ഞു. അതുപോലെ, ചില സിനിമകൾ ചെയ്യാൻ ആഗ്രഹിച്ചാലും ഒരിക്കലും തനിക്കത് മികച്ചതാക്കാൻ സാധിക്കില്ലെന്ന് ഉറപ്പാണെന്നും താരം പറഞ്ഞു. മെയ്യഴകന്റെ സ്ക്രിപ്റ്റ് കിട്ടിയാൽ ഇപ്പോൾ കാണുന്നത് പോലെ മികച്ചതാക്കാൻ തനിക്ക് കഴിയില്ല, കാരണം ഞാൻ കാർത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മോഹന്‍ലാല്‍ എല്ലാവരെയും സ്‌നേഹിക്കുന്നയാള്‍; മകന്‍ ഇപ്പോഴും ജീവിക്കുന്നത് അദ്ദേഹമുള്ളതുകൊണ്ട്
മെയ് ഒന്നിനാണ് റെട്രോ തിയേറ്ററുകളിലെത്തിയത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്ന് നിർമിച്ച ചിത്രത്തിന് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് ആദ്യ നാല് ദിവസം കൊണ്ട് 43 കോടി നേടിയെന്നാണ് വിവരം.
സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തിൽ ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.