Akhil Marar: ‘ഹാഷ്മിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മൈത്രേയനെ പൂട്ടിയേനെ’; അവകാശവാദവുമായി അഖിൽ മാരാർ
Akhil Marar On Maitreyan Issue: ഹാഷ്മി താജ് ഇബ്രാഹിമിന് പകരം താനായിരുന്നു അവതാരകനെങ്കിൽ മൈത്രേയനെ 15 മിനിട്ട് കൊണ്ട് പൂട്ടിയേനെ എന്ന് അഖിൽ മാരാർ. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.

മൈത്രേയൻ, അഖിൽ മാരാർ
താനായിരുന്നു ചാനൽ ചർച്ചാവതാരകനെങ്കിൽ മൈത്രേയനെ 15 മിനിട്ട് കൊണ്ട് പൂട്ടിക്കെട്ടിയേനെ എന്ന് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ. ഹാഷ്മിയ്ക്ക് കൗണ്ടർ സംസാരിക്കാൻ അറിയില്ലെന്നും അതുകൊണ്ടാണ് പാളിയതെന്നും അഖിൽ മാരാർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടാണ് അഖിൽ മാരാറിൻ്റെ പ്രതികരണം.
“ഹാഷ്മിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ 15 മിനിട്ട് കൊണ്ട് മൈത്രേയനെ അവിടുന്ന് പൂട്ടിക്കെട്ടിയേനെ. ഹാഷ്മിയ്ക്ക് കൗണ്ടർ സംസാരിക്കാൻ അറിയാത്തതിൽ പറ്റിയ പാളിച്ചയാണ്. എംഡിഎംഎ കെമിക്കൽ അല്ലേ എന്ന് പറയുമ്പോൾ പുള്ളി വെള്ളം കെമിക്കലല്ലേ, എച്ച്2ഒ കെമിക്കലല്ലേ എന്ന്. ഇത് കെമിക്കലാണ്. ലോകത്തുള്ള എല്ലാം കെമിക്കലാണ്. എല്ലാം ഓർഗാനിക് ബോഡി കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ്. പക്ഷേ, അത് ഗുണമാണോ മോശമാണോ? ഇത് ശരീരത്തിലേക്ക് ചെല്ലുമ്പോൾ ഏത് രീതി അഫക്റ്റ് ചെയ്യുന്നു. ഇതിൻ്റെ ആഫ്റ്റർ എഫക്ട് എന്താണ്. വെള്ളം കുടിച്ചാൽ ഉണ്ടാവുന്ന ആഫ്റ്റർ എഫക്ടാണോ എംഡിഎംഎ കഴിച്ചാൽ ഉണ്ടാവുന്നത്. അതിനാണല്ലോ ഈ ക്ലിനിക്കൽ സ്റ്റഡീസും മറ്റും. മരുന്ന് കമ്പനികളൊക്കെ മരുന്ന് കണ്ടുപിടിച്ചിട്ട് വർഷങ്ങളോളം ക്ലിനിക്കൽ ട്രയൽസ് ചെയ്തതിന് ശേഷം, ഗിനിപ്പന്നികളിൽ പരീക്ഷിച്ച്, മനുഷ്യരിൽ പരീക്ഷിച്ച്, അത് മൂന്ന് വർഷമോ അഞ്ച് വർഷമോ നിരീക്ഷിച്ച്, ഇതെങ്ങനെ ശരീരത്തിൽ പ്രതിപ്രവർത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് വർഷങ്ങളുടെ റിസർച്ചിൻ്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഒരു മരുന്ന് കമ്പനി ഒരു മരുന്ന് പോലും ഉണ്ടാക്കുന്നത്.”- അഖിൽ മാരാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്വൻ്റിഫോർ ന്യൂസിൻ്റെ ജനകീയ കോടതി എന്ന പരിപാടിയിലാണ് മൈത്രേയൻ അതിഥിയായി എത്തിയത്. അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിൻ്റെ ചോദ്യങ്ങളോടുള്ള മൈത്രേയൻ്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മൈത്രേയനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളുയർന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ അഖിൽ മാരാറിൻ്റെ പ്രതികരണം.