Bigg Boss Malayalam 7: ഷാനവാസിന്റെ കയ്യിലെത്തുക 35 ലക്ഷം, അനുമോൾക്ക് സമ്മാനത്തുകയേക്കാൾ; ഏറ്റവും കുറവ് അനീഷിന്; ഫൈനലിസ്റ്റുകളുടെ പ്രതിഫലകണക്ക്
Bigg Boss Season 1 to 7 Winner Prize Money: 100 ദിവസം പൂർത്തിയാക്കിയപ്പോൾ ഓരോ ഫൈനലിസ്റ്റും നേടിയ പ്രതിഫലത്തിന്റെ ഏകദേശ കണക്കുകൾ പരിശോധിക്കാം. അഞ്ച് പേരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് നടി അനുമോളാണ്. ഏറ്റവും കുറവ് പ്രതിഫലം അനീഷിനും.
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ കപ്പ് ആര് ഉയർത്തുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. 24 മത്സരാർത്ഥികളുമായി ആരംഭിച്ച യാത്ര ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുമ്പോൾ അഞ്ച് മത്സരാർത്ഥികളാണ് വീടിനകത്ത് ശേഷിക്കുന്നത്. അനീഷ്, അനുമോൾ, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരടങ്ങുന്ന ഫൈനലിസ്റ്റുകളിൽ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ടൈറ്റിൽ ആര് നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഏഴിന്‍റെ പണി എന്ന് ടാഗ് ലൈനുമായി ആരംഭിച്ച സീസൺ ഏഴ് മറ്റ് സീസണുകളിൽ നിന്ന് തികച്ചും വ്യത്യാസപ്പെട്ടിരുന്നു. പല ടാസ്കിലും ഏഴിന്‍റെ പണിയാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയത്. ഏറെ സംഘർഷഭരിതമായിരുന്നു പല ഏപ്പിസോഡുകളും. എന്നാൽ ആദ്യ ദിവസം മുതൽ മത്സരബുദ്ധിയോടെ അതിജീവിച്ച് 100 ദിവസം പിന്നിട്ടവരിൽ ആര് കപ്പ് ഉയർത്തുമെന്ന ചോദ്യത്തിന് അവസാന നിമിഷവും കൃത്യമായ ഉത്തരമില്ലെന്നതാണ് സത്യാവസ്ഥ.
ബിഗ് ബോസ് വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. എന്നാൽ, ഈ സീസണിലെ ചില ടാസ്‌കുകളും നിയമങ്ങളും സമ്മാനത്തുകയിൽ കുറവ് വരുത്തിയിട്ടുണ്ട്. ഈ സീസണിൽ ബിഗ് ബാങ്ക് വീക്ക് ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക ഗ്രാൻഡ് പ്രൈസിൽ നിന്നാണ് കുറയുന്നത്. ഇതോടെ 50 ലക്ഷത്തിൽ നിന്ന് കുറഞ്ഞ് 45.25 ലക്ഷം രൂപയാണ് ലഭിക്കുക. ഇതിനുപുറമെ, സ്പോൺസർമാർ പ്രഖ്യാപിക്കുന്ന കാറുകളും മറ്റ് സർപ്രൈസ് സമ്മാനങ്ങളും വിജയിയെ കാത്തിരിക്കുന്നുണ്ടാവും.
Also Read: സഹതാപവോട്ടുകളിൽ അനുമോൾ; ‘സാധാരണക്കാരൻ’ ലേബലിൽ അനീഷ്: ഇത്തവണ കപ്പ് ആർക്ക്?
ഫൈനലിസ്റ്റുകളുടെ പ്രതിഫലം
100 ദിവസം പൂർത്തിയാക്കിയപ്പോൾ ഓരോ ഫൈനലിസ്റ്റും നേടിയ പ്രതിഫലത്തിന്റെ ഏകദേശ കണക്കുകൾ പരിശോധിക്കാം. അഞ്ച് പേരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് നടി അനുമോളാണ്. ഏറ്റവും കുറവ് പ്രതിഫലം അനീഷിനും. ഒരു ദിവസം പ്രതിഫലമായി അനുമോൾക്ക് ലഭിക്കുന്നത് 65,000 രൂപയാണെന്ന് റിപ്പോർട്ടുകൾ. ഇതനുസരിച്ച്, പ്രതിഫലമായി മാത്രം അനുമോളുടെ കയ്യിലെത്തുക 65 ലക്ഷം രൂപയാണ്. നടൻ ഷാനവാസിന് പ്രതിദിനം 35,000 രൂപയാണ് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് ഷാനവാസിന്റെ കയ്യിലെത്തുക 35 ലക്ഷം രൂപയാണ്.
അക്ബറിന് ഒരു ദിവസം ലഭിക്കുന്നത് 5,000 രൂപയാണ്. ഈ കണക്കുകൾ ശരിയെങ്കിൽ, 5,00,000 ലക്ഷം രൂപയോളമാണ് ലഭിക്കുക. അക്ബറിനു സമാനമായ പ്രതിഫലം തന്നെയാണ് നെവിനും കൈപ്പറ്റുന്നത് എന്നു റിപ്പോർട്ടുകളുണ്ട്. നെവിനും അഞ്ചു ലക്ഷം രൂപയാണ് കൈകളിലെത്തുക. ഏറ്റവും കുറവ് കോമണറായി എത്തിയ അനീഷിനാണ്. ഇവർക്ക് 3,500 മുതൽ 5,000 വരെയായിരിക്കും പ്രതിദിന ശമ്പളം.