Chandu Salimkumar: ‘പലരും മാറ്റിനിർത്തിയപ്പോൾ കൂടെ നിന്നത് അച്ഛൻ മാത്രമെന്ന് അന്ന് പറഞ്ഞു; ഇന്ന് വിമർശിക്കുന്നു’; വിനായകനെതിരെ ചന്തു സലിംകുമാർ
Chandu Salimkumar Reacts to Vinayakan's Post: ഫെയ്‌സ്ബുക്ക് പേജായ സിനിമാ പാരഡൈസോ ക്ലബ് പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.

ചന്ദു സലിംകുമാർ, വിനായകൻ
നടൻ സലിം കുമാറിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയ വിനായകന് മറുപടി നൽകി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാർ. വിനായകൻ തന്നെ ആദ്യമായി കണ്ടപ്പോൾ പറഞ്ഞത് പല സീനിയർ നടൻമാരും തന്നെ മാറ്റിനിർത്തിയപ്പോൾ നിന്റെ അച്ഛൻ മാത്രമാണ് കൂടെ നിർത്തിയിട്ടുള്ളൂ എന്നായിരുന്നു. ഇതേ ആള് തന്നെയാണ് അച്ഛനെ ഇപ്പോൾ വിമർശിക്കുന്നതെന്ന് ചന്തു സലിം കുമാർ പറയുന്നു. ഫെയ്‌സ്ബുക്ക് പേജായ സിനിമാ പാരഡൈസോ ക്ലബ് പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.
ആദ്യമായി കണ്ടപ്പോൾ വിനായകൻ തന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ‘ഈ സീനിയർ നടന്മാരെന്നു പറയുന്നവരൊക്കെ എന്നെ മാറ്റി നിർത്തുമായിരുന്നടാ.. നിന്റെ അച്ഛനില്ലേ, അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി’ എന്ന്. ഇതേ ആള് തന്നെയാണ് ഇപ്പോൾ ഇതും പറയുന്നത്. ഡ്രഗ് എക്സ‌്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും അയാൾക്ക് ആര്, എന്ത് എന്ന് പോലും മനസ്സിലാകുന്നില്ല എന്നും ചന്തു ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സലിം കുമാർ പറയുന്നത് കേൾക്കാൻ വരുന്നവരോടാണ് അദ്ദേഹം സംസാരിക്കുന്നതെന്നും അവിടെ പോയിരുന്ന് എന്നെപ്പോലെ കുടിച്ച് ലിവർ സീറോസിസ് വരുത്തിവെക്കൂ എന്ന് പറയാൻ കഴിയില്ലല്ലോ എന്നും ചന്തു പറയുന്നു. അനുഭവിക്കുന്നവർക്കാണ് അതിന്റെ ദൂഷ്യഫലങ്ങൾ അറിയാനും അത് പറഞ്ഞ് മനസിലാക്കാനും കഴിയൂവെന്നും മറ്റൊരു കമന്റായി ചന്തു സലിംകുമാർ കുറിച്ചു.
ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ലെന്നും ഇവിടെ ഓരോ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാൻ നോക്കുകയാണെന്നും ചന്തു കുറിച്ചു. “വീട്ടിൽ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാൽ, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്‌നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ?” എന്നും ചന്തു ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ പേര് പരാമർശിക്കാതെ വിനായകൻ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. മദ്യപിച്ച് ആരോഗ്യം നശിച്ചവർ പോലും പൊതുവേദിയിൽ വന്ന് യുവതീ യുവാക്കളെ ഉപദേശിക്കുകയാണെന്നും ഈ ചത്ത ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേയെന്നുമാണ് വിനായകൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇത് ചർച്ചയായതോടെ നടൻ ഈ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ചന്തു സലിംകുമാർ രംഗത്തെത്തിയത്.