Chilanka S Deedu: ‘ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരി ആ സംവിധായകനെ അടിച്ചതാണ്; സഹിക്കാന്‍ പറ്റാത്ത അനുഭവങ്ങളുണ്ടായി’
Chilanka talks about a bad experience with a serial director: ഒരിക്കലും സഹിക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണ് പ്രതികരിച്ചത്. ഒരു സംവിധായകനെ തല്ലിയാല്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് നല്ല ബോധ്യമുണ്ട്. പല രീതിയിലുള്ള അപ്രോച്ചുകള്‍ ആ സംവിധായകനില്‍ നിന്നുണ്ടായെന്ന് താരം

ചിലങ്ക എസ് ദീദു
ടിവി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ചിലങ്ക എസ് ദീദു. ഒരു സീരിയല്‍ സംവിധായകനെ ചിലങ്ക തല്ലിയ സംഭവം നേരത്തെ ചര്‍ച്ചയായിരുന്നു. മോശം അനുഭവമുണ്ടായതിനെ തുടര്‍ന്നാണ് സംവിധായകനെ അടിച്ചതെന്ന് ചിലങ്ക വെളിപ്പെടുത്തി. സംവിധായകനെ തല്ലിയത് തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരി അത് മാത്രമാണെന്ന് ഇന്നും വിശ്വസിക്കുന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിലങ്ക വ്യക്തമാക്കി.
മറ്റുള്ള സ്ത്രീകളുടെ അനുഭവം അറിയില്ല. പക്ഷേ, തനിക്ക് ഒരിക്കലും സഹിക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണ് പ്രതികരിച്ചത്. ഒരു സംവിധായകനെ തല്ലിയാല്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് നല്ല ബോധ്യമുണ്ട്. പല രീതിയിലുള്ള അപ്രോച്ചുകള്‍ ആ സംവിധായകനില്‍ നിന്നുണ്ടായി. പല രീതികളില്‍ ചാറ്റുകള്‍ അയച്ചു. താന്‍ അതിന് പ്രതികരിച്ചില്ല. സ്‌ക്രീന്‍ഷോട്ട് സഹിതം എടുത്തുവച്ചിട്ടുണ്ട്. അത് കോടതിയില്‍ കൊടുക്കണമെങ്കില്‍ കൊടുക്കുമെന്നും ചിലങ്ക തുറന്നുപറഞ്ഞു.
തന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കാറില്ല. അത് അറിയുന്ന ഏക വ്യക്തി ഭര്‍ത്താവാണ്. വര്‍ക്കില്‍ മുന്നോട്ടുപോകാന്‍ പറ്റാത്തതുകൊണ്ട് എല്ലാ ദിവസവും രാത്രിയില്‍ ഭര്‍ത്താവിനെ വിളിച്ചിട്ട് കരയുമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
കുറേ കാര്യങ്ങള്‍ക്കു വേണ്ടി സംവിധായകന്‍ ടോര്‍ച്ചര്‍ ചെയ്തു. രാവിലെ ഷെയ്ക്ക് ഹാന്‍ഡ് തരുമ്പോള്‍ കൈ വെള്ളയില്‍ ചൊറിയുമായിരുന്നു. അതോടുകൂടി ആ ദിവസം പോയി. ഇത് താന്‍ അനുഭവിച്ച കാര്യങ്ങളാണ്. സീനിന് പ്രധാന്യമില്ലാത്തതിനാലും, സീന്‍ കട്ട് ചെയ്തതിനും താന്‍ തല്ലിയെന്നാണ് അയാള്‍ പുറത്തുപറഞ്ഞുനടന്നത്. താന്‍ ഈ വര്‍ക്ക് വിട്ടുപോകണമെന്നായിരുന്നു അയാളുടെ ആഗ്രഹമെന്നും ചിലങ്ക പറഞ്ഞു.
സാഹചര്യം കൊണ്ടാണ് അയാളെ അടിച്ചത്. മോളെ പോലെയാണ് കണ്ടതെന്നും, അവരോട് അങ്ങനെ ചെയ്യുമോയെന്നാണ് അയാള്‍ പുറത്തുപറഞ്ഞുനടന്നത്. മോളെ പോലെ കണ്ട ഒരാളോട് ഇങ്ങനെ ചെയ്യുമോയെന്നാണ് തനിക്കും ചോദിക്കാനുള്ളത്. ഭര്‍ത്താവിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ഇവിടെ ഉണ്ടാകില്ലായിരുന്നു. ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അദ്ദേഹമാണെന്നും ചിലങ്ക കൂട്ടിച്ചേര്‍ത്തു.